ഡിവൈഎസ്പി മുങ്ങിയത് സര്‍വീസ് റിവോള്‍വറുമായി ; അപകട നീക്കമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്, യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

യുവാവിനെ റോഡിലേക്ക് തള്ളിയിട്ട കേസ് അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു
ഡിവൈഎസ്പി മുങ്ങിയത് സര്‍വീസ് റിവോള്‍വറുമായി ; അപകട നീക്കമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്, യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുങ്ങിയത് ഔദ്യോഗിക റിവോള്‍വറുമായി. ഇത് അപകടം ഉണ്ടാക്കുമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. റിവോള്‍വര്‍ കയ്യില്‍ കരുതുന്നത് പിടികൂടാനെത്തുന്ന പൊലീസുകാരെ വെടിവെക്കാനോ, സ്വയം അപകടപ്പെടുത്താനോ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

പൊലീസ് സ്റ്റേഷന്‍ പരിധിയ്ക്ക് പുറത്തേക്ക് സര്‍വീസ് റിവോള്‍വര്‍ കൊണ്ടുപോകരുതെന്നാണ് ചട്ടം. ഇത് ഡിവൈഎസ്പി ലംഘിച്ചു. കൂടാതെ ഒരിക്കലും ഔദ്യോഗിക ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്നും സര്‍വീസ് നിയമം അനുശാസിക്കുന്നു. ഇത് രണ്ടും ഡിവൈഎസ്പി ഹരികുമാര്‍ ലംഘിച്ചതായും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

അപകടത്തിന് ശേഷം ഡിവൈഎസ്പി, എസ്‌ഐയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. യുവാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാഞ്ഞിരുന്നു. പിന്നീട് റൂറല്‍ എസ്പിയെ ബന്ധപ്പെട്ട് കയ്യബദ്ധം പറ്റിയതായി ഹരികുമാര്‍ പറഞ്ഞതായും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരിക്കേറ്റ സനലിനെ ആശുപത്രിയിലേക്ക് മാറ്റാതെ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. 9.30 ന് നടന്ന സംഭവത്തില്‍ പരിക്കേറ്റ സനലിനെ ആശുപത്രിയിലെത്തിച്ചത് 11 മണിയോടെയാണ്. അപ്പോഴേക്കും സനല്‍ മരിച്ചിരുന്നു. ചികിൽസ കിട്ടാതെ സനൽ അരമണിക്കൂറോളം റോഡിൽ കിടന്നതായും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

ഇക്കാര്യത്തില്‍ ആംബുലന്‍സില്‍ യുവാവിനൊപ്പം കയറിയ രണ്ട് പൊലീസുകാര്‍ക്കെതിരെ റേഞ്ച് ഐജി മനോജ് എബ്രഹാം നടപടിയെടുത്തു. സിപിഒമാരായ സജീഷ് കുമാർ, ഷിബു എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതായും, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ഐജി മനോജ് എബ്രഹാം അറിയിച്ചു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് രാവിലെ ഐജി മനോജ് എബ്രഹാം അഭിപ്രായപ്പെട്ടിരുന്നു. 

യുവാവിനെ റോഡിലേക്ക് തള്ളിയിട്ട കേസ് അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എസ്പി ആന്റണിക്കാണ് അ്‌ന്വേഷണ ചുമതല. പ്രതിയായ ഡിവൈഎസ്പിയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മധുരയില്‍ അടക്കം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ക്കൊപ്പം മുങ്ങിയ സുഹൃത്തിനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com