രണ്ട് കൂട്ടരും രഥത്തിലിങ്ങനെ പുറപ്പെടുകയാണ്; എവിടെവെച്ചാണ് ഇവര്‍ ഒന്നാകുക എന്ന് മാത്രമെ നോക്കേണ്ടതുള്ളുവെന്ന് പിണറായി

ഇവര്‍ക്ക് വേണ്ടത് സമാധാനമല്ല. സന്നിധാനത്ത് കലാപം നടക്കണം. അവിടുത്തെ ശാന്തിയും സമാധാനവും ഭംഗപ്പെടണം അതാണ് അവരുടെ ഉദ്ദേശം 
രണ്ട് കൂട്ടരും രഥത്തിലിങ്ങനെ പുറപ്പെടുകയാണ്; എവിടെവെച്ചാണ് ഇവര്‍ ഒന്നാകുക എന്ന് മാത്രമെ നോക്കേണ്ടതുള്ളുവെന്ന് പിണറായി

തൃശൂര്‍: ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ജാഥകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എവിടെവെച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാല്‍ മതിയെന്നും പിണറായി പറഞ്ഞു. തൃശൂരില്‍ എല്‍ഡിഎഫിന്റെ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്. കോണ്‍ഗ്രസിന് എന്തൊരു അധഃപതനമാണ് വന്നിരിക്കുന്നതെന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.  

കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇവിടെ നിന്ന് ഇല്ലാതാകുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞപ്പോള്‍ അതിനെതിരെ പറയാനുള്ള ആര്‍ജ്ജവം ഒരു കോണ്‍ഗ്രസുകാരനും കാണിച്ചില്ല. കോണ്‍ഗ്രസുകാരുടെ നേതാവ് രാഹുല്‍ ഗാന്ധിയല്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചതാണ്. രാഹുല്‍ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത് ഷായുടെ അഭിപ്രായത്തോടൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

വിശ്വാസത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ നോക്കുക്കുകയാണ്.
ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് പുനപരിശോധനാ ഹര്‍ജി നല്‍കിയില്ലെന്നാണ് ചിലരുടെ ചോദ്യം. പുനപരിശോധനാ ഹര്‍ജി കൊടുത്താല്‍ ഞങ്ങള്‍  പറഞ്ഞ വാക്കിന് വിലയില്ലാത്തവരാകും. ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ നിലപാട് പ്രകടനപത്രികയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെ്‌ന് പിണറായി പറഞ്ഞു. സര്‍ക്കാര്‍ ശബരിമലയില്‍ ചെയ്യുന്നത് അനാവശ്യമായ ധൃതിയല്ല. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കുറെ സ്ത്രീകളെ സംഘടിപ്പിച്ച് ദര്‍ശനത്തിന് കൊണ്ടുപോകുന്ന നില അവിടെയില്ല. എല്‍ഡിഎഫിന്റെ കൂടെ അണിനിരന്നതില്‍ പകുതിയിലധികം സ്ത്രീകളാണ്. ആളില്ലാത്ത മുന്നണിയല്ല ഇത്. ഇന്നത്തെ കാലത്ത് ആളുകളെ അയച്ച് അത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍  അനാവശ്യ ധൃതി കാട്ടിയെന്ന് പറയാം. 

വിശ്വാസിയോ അവിശ്വാസിയോ എന്നതല്ല പ്രശ്‌നം. നാടിന്റെ മാറ്റം, പുരോഗമനം അതിനാണ് കഴിഞ്ഞ കാലത്തെ പ്രക്ഷോഭങ്ങള്‍. ഇന്ന് അതിനെയെല്ലാം പുറകോട്ട് കൊണ്ടുപോയി അന്ധകാരത്തിലേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമമെന്ന് പിണറായി പറഞ്ഞു. അവരാണ് പറയുന്നത് ഇടതുമുന്നണി ധൃതി കാട്ടിയെന്ന്. കോടതി പറഞ്ഞതിന് ആവശ്യമായി ഒരുക്കങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ചെയതത്. ശബരിമലയുടെ പവിത്രത തകര്‍ത്തത് ഞങ്ങളാണോ. അവിടുത്തെ ആചാരങ്ങള്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ചിങ്ങം ഒന്നുമുതല്‍ അഞ്ച് വരെ അവിടെ കണ്ടത് ശബരിമല ഭക്തരെ കയ്യേറ്റം ചെയ്യുന്നതാണ്.  ഒരു ആരാധാനാലയത്തിന്റെ പവിത്രതക്ക് ചേരുന്നതാണോ ഇത്. ഇതിനായി പ്രത്യേകം ക്രിമിനലുകളെ കൊണ്ടുവന്ന് ഇവിടെ കലാപഭൂമിയാക്കാനായിരുന്നു അവരുടെ നീക്കമെന്ന് പിണറായി പറഞ്ഞു. 

ശബരിമലയിലേക്ക്  കേരളത്തിലെ ഒരു പ്രത്യക സംഘം എത്തുകയാണ്.  ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്ന ആര്‍എസ്എസ് സംഘമാണ് അത്. പ്രത്യേകപരിശീലനം ലഭിച്ചവരെ കൂടാതെ ക്രിമിനലുകളെയും  പ്രത്യേകം  സംഘങ്ങളാക്കി ശബരിമലയില്‍ എത്തിച്ചു. അതിന്റെ കോപ്രായമാണ് ശബരിമലയില്‍ കണ്ടത്. 

ഇവര്‍ക്ക് വേണ്ടത് സമാധാനമല്ല. സന്നിധാനത്ത് കലാപം നടക്കണം. അവിടുത്തെ ശാന്തിയും സമാധാനവും ഭംഗപ്പെടണം അതാണ് അവരുടെ ഉദ്ദേശ്യം.കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു സന്നിധാനത്തെ ആക്രമണം. അവര്‍ക്ക് ഒറ്റ ഉദ്ദേശ്യം ശബരിമലയെ കലാപഭൂമിയാക്കുക. അതുകൊണ്ട് അവര്‍ക്കുണ്ടാവുന്ന നേട്ടം അവര്‍ പിന്നിടുള്ള പ്രതികരണത്തില്‍ അവര്‍ പറയുന്നുണ്ട്. ശബരിമലയുടെ വരവിലാണ് സര്‍ക്കാരിന്റെ കണ്ണ് എന്നതാണ്. ഒരു ആരാധാനാലയത്തിലെയും ഒരു പൈ സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തുന്നില്ല. അത് അവര്‍ക്ക് തന്നെ അവകാശപ്പെട്ടതാണെന്നും പിണറായി പറഞ്ഞു. 

സര്‍ക്കാര്‍ പൂര്‍ണമായും വിശ്വാസികള്‍ക്കൊപ്പമാണ്. ഇവിടെ ഏത് വിശ്വാസിയുടെയും വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരുണ്ടാകും. തന്റെതല്ലാത്ത വിശ്വാസത്തെ ആക്രമിക്കാന്‍ ഒരു കൂട്ടര്‍ പുറപ്പെടുമ്പോള്‍ അത് ഇവിടെ നടക്കില്ലെന്ന് പിണറായി പറഞ്ഞു. എല്‍ഡിഎഫിന്റെ ഓരോ പൊതുയോഗങ്ങള്‍ കഴിയുന്തോറും ജനങ്ങളുടെ പങ്കാളിത്വം വര്‍ധിച്ചുക്കൊണ്ടിരിക്കുന്നു. എല്‍ഡിഎഫുകാരല്ലാത്തവരും വലിയ തോതില്‍ എത്തിക്കൊണ്ടിരിക്കുന്നു. വിശ്വാസികളാണ് ഞങ്ങളുടെ റാലിയില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം പേരും. വിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. വിശ്വാസങ്ങളുടെ സംരക്ഷണത്തിന് നിലക്കൊള്ളുന്നവരാണ്. എന്നാല്‍ ഞങ്ങളുടെ വിശ്വാസം മാത്രമെ ഇവിടെപാടുള്ളൂ എന്ന് പറയുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സത്രീകള്‍ മുമ്പും ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ട് എന്നതിന് പ്രധാന സാക്ഷി മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു കുമ്മനം രാജേശഖരനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നു എന്ന് പറഞ്ഞാണ് അന്ന് കുമ്മനം രാജശേഖരന്‍ ഒരു കത്ത് ഹൈക്കോടതി ജഡ്ജിക്ക് അയച്ചത്. ആ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി ഹൈക്കോടതി പരിഗണിച്ചു. കുമ്മനം രാജശേഖരന്‍ ശബരിമല തന്ത്രിക്കും, തിരിച്ച് തന്ത്രി കുമ്മനം രാജശേഖരനും അയച്ച കത്തുമെല്ലാം കോടതിയുടെ മുന്നിലെത്തി. തന്ത്രിക്കയച്ച കത്തില്‍ പറഞ്ഞ കാര്യം ഇവിടെ സ്ത്രീകള്‍ ധാരാളമായി വരുന്നു, വിവാഹങ്ങള്‍ നടക്കുന്നു, സിനിമാ ഷൂട്ടിംഗ് നടക്കുന്നു എന്നൊക്കെ ആയിരുന്നു' പിണറായി പറഞ്ഞു. സ്ത്രീകള്‍ ഒരു തടസവുമില്ലാതെ ശബരിമലയില്‍ പ്രവേശിച്ചിരുന്നു എന്നതിന് തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com