ശബരിമല സ്ത്രീപ്രവേശനം: കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പ്രചരണയാത്രകള്‍ക്ക് ഇന്ന് തുടക്കം 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിയി നാല് പദയാത്രകളും മലബാറില്‍ വാഹന പ്രചാരണ യാത്രയുമാണ് കെപിസിസി യുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ശബരിമല സ്ത്രീപ്രവേശനം: കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പ്രചരണയാത്രകള്‍ക്ക് ഇന്ന് തുടക്കം 


കാസര്‍കോട്: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും എന്‍ഡിഎയും നടത്തുന്ന രാഷ്ട്രീയ പ്രചാരണയാത്രകള്‍ക്ക് ഇന്ന് തുടക്കമാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുമാണ് കാസര്‍കോട് നിന്നും ഇന്ന് ആരംഭിക്കുന്നത്. 

പിഎസ് ശ്രീധരന്‍ പിള്ളയുടെയും തുഷാര്‍ വെള്ളാപ്പള്ളിയുടെയും രഥയാത്ര രാവിലെ പത്തിനു മധൂര്‍ ക്ഷേത്ര പരിസരത്തു നിന്ന് തുടങ്ങും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇത് ഉദ്ഘാടനം ചെയ്യുന്നത്. ഇത് 13 ന് പന്തളത്ത് സമാപിക്കും. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിയി നാല് പദയാത്രകളും മലബാറില്‍ വാഹന പ്രചാരണ യാത്രയുമാണ് കെപിസിസി യുടെ നേതൃത്വത്തില്‍ നടക്കുന്നത്.  കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര മഞ്ചേശ്വരം പെര്‍ളയില്‍ നിന്നാണ് തുടങ്ങുന്നത്. വൈകിട്ട് മൂന്നുമണിക്കു കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസന്‍ ഉദ്ഘാടനം ചെയ്യും. 14 ന് മലപ്പുറം ചമ്രവട്ടത്ത് യാത്ര സമാപിക്കും.

വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര. ഇടതു സര്‍ക്കാരിന്റേത് ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നരോപിച്ചാണ് എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള രഥയാത്ര. പൊലീസ് മുന്‍ കരുതല്‍  ശക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com