അയോഗ്യതയില്‍ സ്റ്റേ കിട്ടിയാല്‍ ഷാജിയുടെ ഭാവി ഇങ്ങനെ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗ്ഗീയ പ്രചാരണം നടത്തി എന്ന് ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി കെഎം ഷാജിയെ അയോഗ്യനാക്കിയത്
അയോഗ്യതയില്‍ സ്റ്റേ കിട്ടിയാല്‍ ഷാജിയുടെ ഭാവി ഇങ്ങനെ...

തിരുവനന്തപുരം : ഹൈക്കോടതി അയോഗ്യനാക്കിയ വിധിക്കെതിരെ മേല്‍ക്കോടതി സ്റ്റേ അനുവദിച്ചാല്‍ അഴീക്കോട് എംഎല്‍എ കെ എം ഷാജിക്ക് നിയമസഭാംഗമായി തുടരാനാകും. എന്നാല്‍ സാധാരണ നിയമസഭാംഗത്തിനുള്ള യാതൊരു ആനുകൂല്യങ്ങളും, കേസില്‍ അന്തിമ വിധി വരുന്നതുവരെ പ്രസ്തുത എംഎല്‍എയ്ക്ക് ലഭിക്കില്ലെന്ന് നിയമസഭാ ചട്ടം വ്യക്തമാക്കുന്നു.

കോടതി സ്‌റ്റേ അനുവദിച്ചാല്‍ കെഎം ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാനാകും. സഭയില്‍ ഹാജരായി എന്നതിന് രജിസ്റ്ററില്‍ ഒപ്പു വെക്കാനും കഴിയും. അതേസമയം സഭയില്‍ ചര്‍ച്ചയുടെ ഭാഗമായി സംസാരിക്കാനോ, വോട്ടെടുപ്പില്‍ പങ്കെടുക്കാനോ അവസരം ലഭിക്കില്ല. മാത്രമല്ല അന്തിമ വിധി വരുന്നതു വരെ ശമ്പളമോ മറ്റ് ആനുൂല്യങ്ങളോ, കോടതി അയോഗ്യത കല്‍പ്പിച്ചയാള്‍ക്ക് ലഭിക്കില്ലെന്നും നിയമസഭ ചട്ടം അനുശാസിക്കുന്നു. 

അതേസമയം ഹൈക്കോടതിയുടെ വിധി മേല്‍ക്കോടതി ശരിവെച്ചാല്‍ ആ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് പി.ഡി.രാജന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കി. തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്ന എതിര്‍ സ്ഥാനാര്‍ത്ഥി എം വി നികേഷ്‌കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെ എം ഷാജിയുടെ അയോഗ്യത സാധൂകരിക്കപ്പെട്ടാല്‍ മണ്ഡലത്തില്‍ ആറുമാസത്തിനകം വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ട്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗ്ഗീയ പ്രചാരണം നടത്തി എന്ന് ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി കെഎം ഷാജിയെ അയോഗ്യനാക്കിയത്. ഇടതു സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. നിയമപരമായി നേരിടുമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുസ്ലീം ലീഗും അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com