ടെലഗ്രാം വിട്ട് ഐഎസ് അനുഭാവികള്‍ 'വിക്കറിലേക്ക്; ജാഗരൂകരായി രഹസ്യാന്വഷണ വിഭാഗം

ഫോണ്‍ നമ്പറോ, ഇ-മെയില്‍ അഡ്രസ്സോ പോലും ആവശ്യമില്ലെന്നതാണ്  'വിക്കര്‍' രഹസ്യ സ്വഭാവമുള്ള സംഘടനകള്‍ ഉപയോഗിക്കുന്നതിന് പിന്നിലെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍
ടെലഗ്രാം വിട്ട് ഐഎസ് അനുഭാവികള്‍ 'വിക്കറിലേക്ക്; ജാഗരൂകരായി രഹസ്യാന്വഷണ വിഭാഗം

സ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തകര്‍ 'വിക്കര്‍' ആപ്പിലൂടെ ആശയപ്രചരണം വ്യാപകമാക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആപ്ലിക്കേഷന് മേല്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ സൈബര്‍ വിങ്ങുകള്‍ക്ക് ഇന്റലിജന്റ്‌സിന്റെ പ്രത്യേക നിര്‍ദ്ദേശമെന്ന് 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ' റിപ്പോര്‍ട്ട് ചെയ്യുന്നു. ടെലഗ്രാമായിരുന്നു ഐഎസ് അനുയായികള്‍ രഹസ്യവിവരങ്ങള്‍ കൈമാറാന്‍ അടുത്തയിടെ വരെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ വിക്കര്‍ വന്നതോടെ വ്യാപകമായി ചുവട് മാറി. ഫോണ്‍ നമ്പറോ, ഇ-മെയില്‍ അഡ്രസ്സോ പോലും ആവശ്യമില്ലെന്നതാണ്  വിക്കര്‍ രഹസ്യ സ്വഭാവമുള്ള സംഘടനകള്‍ ഉപയോഗിക്കുന്നതിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

യുഎസില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ ഏജന്‍സിയായ മെംമ്രിയുടെ റിപ്പോര്‍ട്ടിലാണ് ടെലഗ്രാമില്‍ നിന്നും വിക്കറിലേക്ക് തീവ്രവാദ സംഘടനകള്‍ ചുവട് മാറ്റുന്നതായി വിവരമുള്ളത്. ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും അനായാസം സാധിക്കുമെന്നതാണ് വിക്കറിന്റെ മറ്റൊരു പ്രത്യേകത. ടെലഗ്രാം സുരക്ഷിതമല്ലെന്നും തങ്ങളുടെ ഒരു ടെലഗ്രാം അക്കൗണ്ട് റഷ്യയില്‍ നിന്നും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെംമ്രി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. 

തീവ്രവാദികളും രഹസ്യ സ്വഭാവമുള്ള സംഘടനകളും വിവരസാങ്കേതിക വിദ്യയെ പരമാവധി ഉപയോഗിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. വാട്ട്‌സാപ്പും കിക്കും ഉപയോഗിക്കുന്നത് പോലെ തന്നെ വിക്കറും ഷുവര്‍സ്‌പോട്ടും  ഇവര്‍ കൈകാര്യം ചെയ്യാറുണ്ടെന്നും സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം അജ്ഞാതരായി ഇരിക്കാനുള്ള സൗകര്യവും ഇതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
 
സമൂഹ മാധ്യമങ്ങളില്‍ ഐഎസ് ആഭിമുഖ്യമുള്ള സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നവരെയും അത്തരം പേജുകള്‍ ഫോളോ ചെയ്യുന്നവരെയും കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഇത്തരം അനുഭാവികളെ സംഘടനാ പ്രതിനിധികള്‍ ബന്ധപ്പെടുകയും സമാന ആശയക്കാരുടെ ഗ്രൂപ്പുകളിലേക്ക് ചേര്‍ത്ത് ഉപയോഗിക്കുകയും ചെയ്യാറുണ്ടെന്നാണ് ഇന്റലിജന്റ്‌സിന്റെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ഇത്തരം അനുഭാവികളെ തുടക്കത്തിലെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഫ്രഷ് റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കാനാവുമെന്നാണ് സൈബര്‍ വിഭാഗം പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com