തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറ്റില്ലെന്ന് കോടിയേരി 

ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നു നോക്കി രാഷ്ടീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം
തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറ്റില്ലെന്ന് കോടിയേരി 

തിരുവനന്തപുരം : അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സി പി എം രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യും. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'നാം ഒന്നാണ്, കേരളം മതേതരമാണ് ഓര്‍മ്മപ്പെടുത്തല്‍' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. 

ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നു നോക്കി രാഷ്ടീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ഇപ്പോഴത്തെ എതിര്‍പ്പുകളില്‍ പതറിപ്പോയാല്‍ കേരളം കേരളമല്ലാതായി മാറും. വിശ്വാസത്തെ ഭ്രാന്താക്കി മാറ്റാനുള്ള നീക്കം അനുവദിച്ചുകൂടായെന്നും കോടിയേരി പറഞ്ഞു. 

ശബരിമല വിഷയത്തില്‍ സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ വിധി ഉള്‍ക്കൊള്ളാന്‍ മാനസികമായി തയ്യാറായിട്ടില്ല. അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ഉപയോഗിക്കുകയാണ്. നാമജപ സമരത്തില്‍ പങ്കെടുക്കുന്നത് വളരെക്കുറച്ചു പേരാണ്. ഒന്നോരണ്ടോ ലക്ഷം പേര്‍ പലയിടങ്ങളില്‍ ഒത്തുകൂടി നാമം ജപിച്ചാല്‍ കോടതി വിധി മാറ്റാനാകില്ല. പരാതിയുള്ളവര്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. 

ശബരിമലയെ ഒരു പ്രശ്‌നമായി നിലനിര്‍ത്തേണ്ടത് ബിജെപിയുടെ ആശ്യമാണ്. എന്തുകൊണ്ട് ബിജെപി റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുന്നില്ല ?. കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് സുപ്രിംകോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാത്തതെന്നും കോടിയേരി ചോദിച്ചു. 

ഏറ്റവുമധികം വിശ്വാസികളുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ്. ഇന്‍ക്വിലാബ് സിന്ദാബാദ് എന്നു വിളിക്കുന്ന നാവുകൊണ്ടു തന്നെയാണ് അവര്‍ സ്വാമി ശരണം വിളിക്കുന്നതും. അങ്ങനെയുള്ള പാര്‍ട്ടിയെയും സര്‍ക്കാരിനെയും ക്ഷേത്രവും വിശ്വാസവും തകര്‍ക്കുന്നവരാണെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com