യുവതി പ്രവേശനത്തില്‍ നിലപാട് ചോദിച്ചാല്‍ മാത്രം ; പ്രതിഷേധങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ചോദിച്ചാല്‍ മാത്രം സുപ്രിംകോടതിയില്‍ നിലപാട് അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം
യുവതി പ്രവേശനത്തില്‍ നിലപാട് ചോദിച്ചാല്‍ മാത്രം ; പ്രതിഷേധങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം

പത്തനംതിട്ട : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ചോദിച്ചാല്‍ മാത്രം സുപ്രിംകോടതിയില്‍ നിലപാട് അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം. സുപ്രിംകോടതി എന്ത് നിലപാട് സ്വീകരിച്ചാലും അനുസരിക്കാന്‍ ബാധ്യതയുണ്ട്. തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കുമായി നട തുറന്നപ്പോഴുണ്ടായ പ്രതിഷേധങ്ങളും അക്രമങ്ങളും സുപ്രിംകോടതിയെ അറിയിക്കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു. 

കോടതിയില്‍ സ്വീകരിക്കേണ്ട സമീപനങ്ങളെ പറ്റി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂടിയായ അഡ്വ. എം രാജഗോപാലന്‍ നായരോട് നിയമോപദേശം തേടാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. ഈ മാസം 13 നാണ് ശബരിമല യുവതീ പ്രവേശനത്തിനെതിരായ റിവ്യൂ ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നത്. അപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരമാകും ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുക. 

കോടതിയില്‍ നിലപാട് അറിയിക്കേണ്ട സാഹചര്യം വന്നാല്‍ മാത്രമാകും ബോര്‍ഡ് നിലപാട് അറിയിക്കുക. ആര്യാമ സുന്ദരവുമായി ചര്‍ച്ച നടത്താനും വിവരങ്ങള്‍ കൈമാറാനും ദേവസ്വം കമ്മീഷണറും ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലര്‍മാരും ഡല്‍ഹിക്ക് പോകും. വിദഗ്ധാഭിപ്രായം സ്വരൂപിക്കാനാണ് രാജഗോപാലന്‍നായരെ ചുമതലപ്പെടുത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com