സര്‍ക്കാര്‍ വെബ്‌പോര്‍ട്ടല്‍ വഴി ഇനി റെയില്‍വേ, കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം, മുഴുവന്‍ സര്‍വകലാശാലകളുടെ ഫീസും അടയ്ക്കാം

സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌പോര്‍ട്ടലിലെ 'ഇ-സേവനങ്ങള്‍' കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു.
സര്‍ക്കാര്‍ വെബ്‌പോര്‍ട്ടല്‍ വഴി ഇനി റെയില്‍വേ, കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം, മുഴുവന്‍ സര്‍വകലാശാലകളുടെ ഫീസും അടയ്ക്കാം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌പോര്‍ട്ടലിലെ 'ഇ-സേവനങ്ങള്‍' കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. റെയില്‍വേ, കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതും മുഴുവന്‍ സര്‍വകലാശാലകളുടെ ഫീസ് അടയ്ക്കുന്നതും ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന വിപുലമായ പദ്ധതിക്കാണ് തുടക്കമാകുന്നത്. ബിഎസ്എന്‍എല്‍ ബില്ലുകളും വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ബില്ലുകളും ഇനി ഒറ്റ ക്ലിക്കില്‍ അടയ്ക്കാം. ഇതടക്കം പുതിയ 20 വകുപ്പുകളുടെ സേവനംകൂടി വെബ്‌പോര്‍ട്ടലിലെ 'സ്‌റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ് വേ' വഴി ഉടന്‍ ലഭ്യമാകും. അതത് വകുപ്പുകളുടെ  നോഡല്‍ ഓഫീസര്‍മാരുമായി ഐടി മിഷന്‍ അധികൃതര്‍ ചര്‍ച്ച നടത്തി. പുതിയ  സേവനങ്ങള്‍ 'എം കേരള' ആപ് വഴി മൊബൈലിലും ലഭ്യമാകും. മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ്  'ഇ-സേവനങ്ങള്‍' ഓപ്ഷന്‍.

ബില്ലുകള്‍ അടയ്ക്കാനുള്ള പേമെന്റ് ഗേറ്റ് വേയായി 'പേ ടിഎം'നെ താമസിയാതെ ഉള്‍പ്പെടുത്തും. നിലവില്‍ എസ്ബിഐയും ബില്‍ ഡസ്‌കുമാണുള്ളത്.ഐആര്‍സിടിസി വഴി ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷനും കെഎസ്ആര്‍ടിസി ഇ-ടിക്കറ്റിങ് വഴി ബസ് ടിക്കറ്റ് റിസര്‍വേഷനും  ചെയ്യാം. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സേവനം നിലവില്‍ ലഭ്യമാണ്. കേരള, എംജി, കുസാറ്റ്, ആരോഗ്യ, വെറ്ററിനറി, ആരോഗ്യ, കാര്‍ഷിക, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് എന്നീ യൂണിവേഴ്‌സിറ്റികളെയും ഇ-സര്‍വീസസുമായി ബന്ധിപ്പിക്കും. ചില കമ്പനികളുടെ ഡിടിഎച്ച് റീചാര്‍ജ് സംവിധാനം ലഭ്യമാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. എല്‍പിജി  ബുക്കിങിന് പാചകവാതക കമ്പനികളുമായും ഐടി മിഷന്‍ ചര്‍ച്ച നടത്തും.  

www. kerala.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ സേവനങ്ങള്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ 'ഇ-സേവനങ്ങള്‍' ഓപ്ഷന്‍ കാണാം. നിലവില്‍ 11 വകുപ്പുകളുടെ 58 സേവനങ്ങള്‍ ലഭ്യമാണ്. വൈദ്യുതി, വാട്ടര്‍ ബില്ലുകളും അടയ്ക്കാം. 31 ഇനം സര്‍ട്ടിഫിക്കറ്റുകളും വിവിധ ലൈസന്‍സുകള്‍, ക്ഷേമ പദ്ധതികള്‍ എന്നിവയും ലഭിക്കും. ഇതിന് പുറമെയാണ് പുതിയ  സേവനങ്ങള്‍ കൂടി ലഭ്യമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com