മണ്‍വിള തീപിടിത്തം അട്ടിമറി തന്നെ, ഫാക്ടറിക്കു തീവച്ചത്‌ ശമ്പളം കുറച്ചതില്‍ പ്രതിഷേധിച്ച്; രണ്ടു ജീവനക്കാര്‍ പിടിയില്‍

ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഗോഡൗണിനു തീ വയ്ക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മണ്‍വിള തീപിടിത്തം അട്ടിമറി തന്നെ, ഫാക്ടറിക്കു തീവച്ചത്‌ ശമ്പളം കുറച്ചതില്‍ പ്രതിഷേധിച്ച്; രണ്ടു ജീവനക്കാര്‍ പിടിയില്‍

തിരുവനന്തപുരം; തലസ്ഥാന നഗരിയെ ഞെട്ടിച്ച മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടിത്തം അട്ടിമറിയെന്ന് സ്ഥിരീകരണം. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഗോഡൗണിനു തീ വയ്ക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ചിറയന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സ്റ്റോറില്‍ ഹെല്‍പ്പറായിരുന്ന, പത്തൊന്‍പതു വയസു പ്രായമുള്ള ബിമലാണ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്.  ബിനു കൂട്ടുപ്രതിയാണ്. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ ബന്ധമുണ്ടോയെന്നു പരിശോധിച്ചുവരികയാണെന്ന് ഡിസിപി ആര്‍ അനില്‍കുമാര്‍ പറഞ്ഞു. 

ഏഴു മണി മുതല്‍ ഏഴു മണിവരെയായിരുന്നു സംഭവ ദിവസം ഇവര്‍ക്കു ഡ്യൂട്ടി. വൈകിട്ട് പുറത്തിറങ്ങും മുമ്പ് ലൈറ്റര്‍ ഉപയോഗിച്ച് പ്ലാസ്റ്റിക്കിനു തീ കൊളുത്തുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഡ്യൂട്ടി കഴിഞ്ഞ് 7.05ന് ഇവര്‍ ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് ഇവരുടെ ഫോണ്‍ രേഖകളില്‍നിന്നും തീവയ്പിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു.

നേരത്തെ ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായിരുന്നു. ശമ്പളം കുറച്ചതിനെച്ചൊല്ലി മാനേജ്‌മെന്റുമായി ഉടക്കി നില്‍ക്കുകയായിരുന്ന ഇവര്‍ അവസരം ഉപയോഗിക്കുകയായിരുന്നുവെന്നാണ് പൊലിസ് കരുതുന്നത്. തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നു കരുതിക്കോളും എ്ന്നാണ് ഇവര്‍ കരുതിയത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നു തന്നെയായിരുന്നു ആദ്യ നിഗമനവും. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നു സംശയാസ്പദമായ വിവരങ്ങള്‍ പൊലിസിനു ലഭിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com