ശബരിമലയില്‍ സ്ഥിതി ഗുരുതരം ; ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും സാഹചര്യം മുതലെടുക്കാന്‍ സാധ്യത, സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍

സുരക്ഷ ഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. ദേശവിരുദ്ധ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചേക്കാം
ശബരിമലയില്‍ സ്ഥിതി ഗുരുതരം ; ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും സാഹചര്യം മുതലെടുക്കാന്‍ സാധ്യത, സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍

കൊച്ചി : ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുക. ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകും. തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നട തുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നു. ചിലര്‍ ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുന്ന സ്ഥിതി ഉണ്ടായതായും സ്‌പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞാണ്. സുരക്ഷ ഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. ദേശവിരുദ്ധ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com