വിദ്യാഭ്യാസ മന്ത്രിക്ക് 'ദുരവസ്ഥ': നേരത്തെ എത്തിയത് വിനയായി; ഉദ്ഘാടനത്തിനുള്ള വിളക്കില്ല, പ്രാര്‍ത്ഥന പാടാന്‍ കുട്ടികളെ ഓടിച്ചിട്ടു പിടിച്ചു; സദസ്സും ശുഷ്‌കം

കാലടിയില്‍ പഞ്ചായത്ത് നടപ്പാക്കിയ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെയും ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള നവോത്ഥാന സദസ്സിന്റെയും ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി
വിദ്യാഭ്യാസ മന്ത്രിക്ക് 'ദുരവസ്ഥ': നേരത്തെ എത്തിയത് വിനയായി; ഉദ്ഘാടനത്തിനുള്ള വിളക്കില്ല, പ്രാര്‍ത്ഥന പാടാന്‍ കുട്ടികളെ ഓടിച്ചിട്ടു പിടിച്ചു; സദസ്സും ശുഷ്‌കം


കാലടി: പൊതുപരിപാടിക്ക് എത്തിയ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ സംഘാടകര്‍ 'പോസ്റ്റാക്കി'യിരുത്തിയത് അര മണിക്കൂറിലേറെ.
കാലടിയില്‍ പഞ്ചായത്ത് നടപ്പാക്കിയ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെയും ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള നവോത്ഥാന സദസ്സിന്റെയും ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.പരിപാടി തുടങ്ങാന്‍  താമസിച്ചതോടെ അദ്ദേഹത്തിന് സിഐയുടെ ക്വാര്‍ട്ടേഴ്‌സില്‍ കാത്തിരിക്കേണ്ടിവന്നു. 

മന്ത്രി കൃത്യസമയത്തു സമ്മേളന സ്ഥലത്തെത്തിയപ്പോള്‍ സദസ്സ്  ശുഷ്‌കം. എന്തു ചെയ്യണമെന്നറിയാതെ സംഘാടകര്‍ അന്തംവിട്ടു. 
10നു തുടങ്ങുമെന്ന് പ്രഖ്യാപിച്ച പരിപാടിക്ക് കൃത്യസമയത്ത് മന്ത്രി നാസ് ഓഡിറ്റോറിയത്തിലെത്തുമ്പോള്‍ സദസില്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം. പ്രസംഗിക്കാനുള്ളവരില്‍ റോജി എം.ജോണ്‍ എംഎല്‍എയും ജില്ലാ പഞ്ചായത്ത് അംഗം സാംസന്‍ ചാക്കോയും പഞ്ചായത്ത് പ്രസിഡന്റ് കെ.തുളസിയും മാത്രം. ചടങ്ങിനുള്ള ഒരുക്കങ്ങളും പൂര്‍ത്തായിയിരുന്നില്ല. പരിപാടി തുടങ്ങുന്നതു വരെ മന്ത്രിയെ എവിടെ ഇരുത്തുമെന്ന അന്വേഷണത്തിലായി പൊലീസും പഞ്ചായത്ത് അധികൃതരും. 

പ്രളയം കാരണം ടിബി ആകെ അലങ്കോലമായി കിടക്കുകയാണ്. പിന്നീടാണ് പൊലീസ് സ്‌റ്റേഷന്റെ പിറകില്‍ സിഐയുടെ പഴയ ക്വാര്‍ട്ടേഴ്‌സിലേക്കു കൊണ്ടു പോയത്. റോജി എം.ജോണ്‍ എംഎല്‍എ മന്ത്രിയോടൊപ്പം അവിടെ സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഓഡിറ്റോറിയത്തിന് പുറത്തു മന്ത്രിയെ സ്വാഗതം ചെയ്തുള്ള ബാനര്‍ സ്ഥാപിച്ചത്.

വേദിയില്‍ ഉദ്ഘാടന തിരി കൊളുത്താനുള്ള വിളക്കും പിന്നീടാണ് കൊണ്ടു വന്നത്. ചടങ്ങു തുടങ്ങിയപ്പോള്‍ പ്രാര്‍ഥന ചൊല്ലാനുള്ളവരെ ഓടിച്ചിട്ടു പിടിക്കേണ്ടി വന്നു. സ്മാര്‍ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനമായിരുന്നുവെങ്കിലും സദസ്സില്‍ വിദ്യാര്‍ഥികള്‍ കുറവായതും സംഘാടകരെ വിഷമിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com