സർക്കാരും  കൈവിട്ടു ; മധു വധക്കേസിൽ  സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കി

ഫീസ് നല്‍കാനില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയത്‌ 
സർക്കാരും  കൈവിട്ടു ; മധു വധക്കേസിൽ  സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കി

പാലക്കാട് :  അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു നാട്ടുകാരുടെ മർദനമേറ്റ് കൊല്ലപ്പെട്ട കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ റദ്ദാക്കി. കൂടുതൽ ഫീസ് നൽകാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. മധു കേസിൽ സർക്കാരിനു വേണ്ടി മണ്ണാർക്കാട് എസ്‌സി-എസ്ടി സ്പെഷൽ കോടതിയിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാകും ഹാജരാകുക.  

നിയമം വ്യവസ്ഥ ചെയ്യുന്നതു പ്രകാരമുള്ള ഫീസ് മുൻപ് നിയമിച്ച അഭിഭാഷകൻ അംഗീകരിക്കാത്തതു കൊണ്ടാണ് റദ്ദാക്കുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ, സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയാണു ചെയ്തതെന്നും ഫീസ് എത്രയാണെന്നു വ്യക്തമാക്കിയിരുന്നില്ലെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിശ്ചയിച്ചിരുന്ന പി.ഗോപിനാഥ് പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. പാലക്കാട്ടു താമസിക്കുന്ന ആളായതിനാൽ മണ്ണാർക്കാട്ട് ഓഫിസ് വേണമെന്ന് രേഖാമൂലം അഭ്യർഥിച്ചിരുന്നു. നിയമനം റദ്ദാക്കിയെന്ന ഉത്തരവാണ് പിന്നീടു ലഭിച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. 

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം ദേശീയശ്രദ്ധ നേടിയതോടെയാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചത്. ആദിവാസി സംഘടനകൾ ഉൾപ്പെടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22ന് ആണു മധു കൊല്ലപ്പെട്ടത്. അഗളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ 16 പ്രതികൾക്കും പിന്നീടു ജാമ്യം ലഭിച്ചിരുന്നു. വിചാരണ മണ്ണാർക്കാട് കോടതിയിൽ ഉടൻ ആരംഭിക്കുമെന്നാണു സൂചന.

കേസിൽ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള മണ്ണാർക്കാട് എസ്‌സി-എസ്ടി സ്പെഷൽ കോടതിയിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിലവിൽ ധാരാളം കേസുകളുണ്ട്. അതിനാൽ മധു കേസിൽ വേണ്ടത്ര ശ്രദ്ധ പുലർത്താനാകില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ലാവലിൻ, സോളാർ കേസുകൾക്കെല്ലാം സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകരെ വരെ ഇറക്കിയാണ് സർക്കാർ കോടതിയിൽ വാദിച്ചിരുന്നത്. അപ്പോഴാണ് ആദിവാസി യുവാവ് മധു ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനായി കൊല്ലപ്പെട്ട സംഭവത്തിൽ ഫീസ് നൽകാനില്ലെന്ന കാരണം പറഞ്ഞ് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കാനുള്ള ഇടതു സർക്കാരിന്റെ തീരുമാനം. ഈ സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ 5 കേസുകളിൽ വാദിക്കാൻ മാത്രം സുപ്രീം കോടതിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതിനു ഫീസ് ഇനത്തിൽ 2.59 കോടി ചെലവിട്ടതായി വിവരാകാശ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com