ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാവാനില്ല, അര്യാമ സുന്ദരം പിന്‍മാറി; പിന്നില്‍ 'പ്രമുഖ' സംഘടനയെന്ന് പദ്മകുമാര്‍

ശബരിമല യുവതീ പ്രവേശന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാവുന്നതില്‍നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അര്യാമ സുന്ദരം പിന്‍മാറി
ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാവാനില്ല, അര്യാമ സുന്ദരം പിന്‍മാറി; പിന്നില്‍ 'പ്രമുഖ' സംഘടനയെന്ന് പദ്മകുമാര്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാവുന്നതില്‍നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അര്യാമ സുന്ദരം പിന്‍മാറി. നേരത്തെ യുവതി പ്രവേശനത്തെ എതിര്‍ത്ത് എന്‍എസ്എസിനു  വേണ്ടി ഹാജരായതിനാല്‍ ബോര്‍ഡിനു വേണ്ടി ഹാജാരാവാനില്ലെന്ന് അര്യാമ സുന്ദരം അറിയിച്ചതായാണ് സൂചന. 

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട മൂന്നു റിട്ട് ഹര്‍ജികളാണ് നാളെ സുപ്രിം കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികളും കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ കേസുകളില്‍ ഹാജരാവുന്നതിനാണ് ദേവസ്വം ബോര്‍ഡ് അര്യാമാ സുന്ദരത്തെ സമീപിച്ചത്. ബോര്‍ഡിനു വേണ്ടി അദ്ദേഹം ഹാജരാവും എന്നായിരുന്നു റി്‌പ്പോര്‍ട്ടുകള്‍.

ശബരിമല യുവതീ പ്രവേശനത്തില്‍ കോടതി ആരാഞ്ഞാല്‍ മാത്രം നിലപാട് അറിയിക്കുക എന്ന തീരുമാനത്തിലാണ് ദേവസ്വം ബോര്‍ഡ് എത്തിയിട്ടുള്ളത്. യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലുണ്ടായ സംഘര്‍ഷാവസ്ഥ കോടതിയെ അറിയിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിഭാഷകരുമായുള്ള കൂടിയാലോചനകള്‍ക്കായി ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറും കമ്മിഷണര്‍ വാസുവും ഡല്‍ഹിയിലുണ്ട്.

അര്യാമ സുന്ദരത്തിന്റെ പിന്‍മാറ്റത്തിനു പിന്നില്‍ ഒരു പ്രമുഖ സംഘടനയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ ആരോപിച്ചു. ശബരിമല വിഷയത്തില്‍ ബോര്‍ഡ് ഇടപെടുന്നില്ല എന്ന് ആക്ഷേപിക്കുന്ന സംഘടനയാണ് തന്നെയാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിനു പിന്നിലെന്നാണ് കരുതുന്നത്. കേസ് എടുക്കുമ്പോള്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയിലുണ്ടാവും. കേസില്‍ ദോഷകരമല്ലാത്ത വിധിയുണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും പദ്മകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com