'ഏഴ് ദിവസം കഴിച്ചുകൂട്ടിയത് കാറിനുള്ളില്‍, ആലോചിച്ചത് സുകുമാരക്കുറിപ്പിനെപ്പോലെ എന്നന്നേക്കുമായി ഒളിവില്‍ പോകാന്‍'

ഒരാഴ്ച കാറിനുള്ളില്‍ തന്നെയാണ് കഴിച്ചുകൂട്ടിയത്. സിസിടിവിയുള്ള ചെക്‌പോസ്റ്റുകളിലും മറ്റും മുഖം മറച്ച് ക്യാമറകളില്‍ പതിയാതിരിക്കാന്‍ ശ്രദ്ധിച്ചു
'ഏഴ് ദിവസം കഴിച്ചുകൂട്ടിയത് കാറിനുള്ളില്‍, ആലോചിച്ചത് സുകുമാരക്കുറിപ്പിനെപ്പോലെ എന്നന്നേക്കുമായി ഒളിവില്‍ പോകാന്‍'

തിരുവനന്തപുരം; കീഴടങ്ങുമെന്ന് പൊലീസിനെ പറഞ്ഞ് വിശ്വസിപ്പിച്ചതിന് ശേഷമാണ് ഡിവൈഎസ്പി പി.ബി ഹരികുമാര്‍ ആത്മഹത്യ ചെയ്യുന്നത്. ദുരൂഹതകള്‍ ബാക്കിയാക്കിക്കൊണ്ടാണ് ഹരികുമാര്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയത്. സനല്‍കുമാറിന്റെ മരണത്തിന് ശേഷം ഒന്‍പത് ദിവസം ഒളിവില്‍ കഴിയുകയായിരുന്നു ഹരികുമാര്‍. അതില്‍ ഏഴ് ദിവസവും കാറിനുള്ളിലാണ് ഡിവൈഎസ്പി കഴിച്ചുകൂട്ടിയത് എന്നാണ് സുഹൃത്ത് ബിനു പറയുന്നത്. ബിനുവിനൊപ്പമാണ് ഹരികുമാര്‍ ഒളിവില്‍ പോയത്. ക്രൈംബ്രാഞ്ചിനാണ് ബിനു മൊഴി നല്‍കിയത്. 

ഒരാഴ്ച കാറിനുള്ളില്‍ തന്നെയാണ് കഴിച്ചുകൂട്ടിയത്. സിസിടിവിയുള്ള ചെക്‌പോസ്റ്റുകളിലും മറ്റും മുഖം മറച്ച് ക്യാമറകളില്‍ പതിയാതിരിക്കാന്‍ ശ്രദ്ധിച്ചു. മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കാമെന്ന ഉറപ്പിലായിരുന്നു ഹരികുമാര്‍ ഒളിവില്‍ പോയത്. എന്നാല്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നും കീഴടങ്ങുന്നതാണ് നല്ലതെന്നും ഹൈക്കോടതിയിലെ അഭിഭാഷകനും അഭിപ്രായപ്പെട്ടു. 

നെയ്യാറ്റിന്‍കര കോടതിയില്‍ കീഴടങ്ങാന്‍ ഹരികുമാറിന് ഭയമായിരുന്നു എന്നാണ് ബിനു പറയുന്നത്. പല കേസുകളില്‍ താന്‍ പിടികൂടിയ പ്രതികള്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമെന്ന് അദ്ദേഹം ഭയന്നിരുന്നു. അതിനേക്കാള്‍ നല്ലത് സുകുമാരക്കുറിപ്പിനെ പോലെ എന്നന്നേക്കുമായി ഒളിവില്‍ കഴിയുന്നതാണെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

എല്ലാവഴിയും അടഞ്ഞപ്പോള്‍ കീഴടങ്ങാന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് തിരുവനന്തപുരത്തേക്ക് വരുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മൈസൂര്‍ വഴി മൂകാംബികയിലെത്തി. അവിടെനിന്ന് മാംഗളൂരുവില്‍ വന്ന് സത്യമംഗലം കാട്ടിലൂടെ വീണ്ടും തമിഴ്‌നാട്ടില്‍ എത്തി. തുടര്‍ന്ന് ചെങ്കോട്ട തേന്‍മല വഴിയാണ് കല്ലമ്പലത്തിലെത്തിയത്. വഴിനീളെയുള്ള ചെക് പോസ്റ്റുകളില്‍ ജീവനക്കാര്‍ കാണാതിരിക്കാന്‍ അദ്ദേഹം കുനിഞ്ഞിരുന്നു. കല്ലമ്പലത്തെ വീടിന് സമീപമുള്ള ഇടവഴിയില്‍ രാത്രിയാണ് ഡിവൈഎസ്പിയെ ഇറക്കിവിടുന്നത്. പിറ്റേദിവസം രാവിലെ കീഴടങ്ങാം എന്ന ധാരണയില്‍. എന്നാല്‍ പിന്നീട് ബിനു മാധ്യമങ്ങളിലൂടെ അറിയുന്നത് ഹരികുമാറിന്റെ ആത്മഹത്യ വാര്‍ത്തയാണ്. 

20 ദിവസം ഒളിവില്‍ കഴിയാനുള്ള തയാറെടുപ്പിലാണ് ഇരുവരും പുറപ്പെട്ടത്. അവശ്യത്തിന് സാധനങ്ങളും പണവും കൈയില്‍ കരുതി. ഒരിക്കല്‍ പോലും ഹോട്ടലുകളില്‍ മുറിയെടുക്കാനോ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനോ ശ്രമിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com