നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് പി.കെ. ശശി; സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് പറയാന്‍ എംഎല്‍എയ്ക്ക് എന്തവകാശമെന്ന് ഒരു വിഭാഗം നേതാക്കള്‍

ചെര്‍പ്ലശ്ശേരിയില്‍ ശബരിമല വിഷയത്തില്‍ നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യാനാണ് പി കെ ശശി എത്തിയത്
നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് പി.കെ. ശശി; സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് പറയാന്‍ എംഎല്‍എയ്ക്ക് എന്തവകാശമെന്ന് ഒരു വിഭാഗം നേതാക്കള്‍

പാലക്കാട്; ലൈംഗിക ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശി സിപിഎമ്മിന്റെ നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തത് വിവാദത്തില്‍. പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണ് എംഎല്‍എയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ വനിത നേതാവിന്റെ പരാതിയില്‍ നടപടി വൈകുന്നതിനിടെയാണ് പാര്‍ട്ടിപരിപാടികളില്‍ പി.കെ ശശി സജീവമാകുന്നത്. എംഎല്‍എയെ ഉദ്ഘാടകനാക്കുന്നതില്‍ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയെങ്കിലും അത് കണക്കിലെടുക്കാതെയാണ് ശശി ഉദ്ഘാടനം ചെയ്യാനെത്തിയത്. ആരോപണമുന്നയിച്ചവരെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടാണ് ശശിയുടെതെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.

ചെര്‍പ്ലശ്ശേരിയില്‍ ശബരിമല വിഷയത്തില്‍ നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യാനാണ് പി കെ ശശി എത്തിയത്. യുവതീ പ്രവേശനത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കാനാണ് വനിതകള്‍ ഉള്‍പ്പെടെയുളള സദസ്സിനെ പി കെ ശശി അഭിസംബോധന ചെയ്തത്. ശശിക്കെതിരായ പരാതി അന്വേഷിക്കുന്ന എ കെ ബാലന്‍, മുഖ്യമന്ത്രി എന്നിവരുമായി പൊതുപരിപാടികളില്‍ ശശി വേദി പങ്കിട്ടിരുന്നു.

ശശിയെ ഒപ്പം നിര്‍ത്തലാണ് പാര്‍ട്ടിനിലപാടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതിന് തുല്യമായാണ് ഇതിനെ ഒരു വിഭാഗം സിപിഎം നേതാക്കള്‍ കാണുന്നത്. ഈ സാഹചര്യത്തിലായിരുന്നു പെണ്‍കുട്ടി വീണ്ടും പരാതി നല്‍കിയത്. നവോത്ഥാന സദസ്സ് ശശി ഉദ്ഘാടനം ചെയ്തതിനെ ജില്ലാ നേതൃത്വത്തിലെ മുതിര്‍ന്ന പ്രവര്‍ത്തരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ലൈംഗിക പീഡനാരോപണം നേരിടുന്ന ശശിക്ക്, സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമെന്തെന്ന് ഇവര്‍ ചോദിക്കുന്നു. 

എന്നാല്‍ ശശിയെ ഉദ്ഘാടകനാക്കിയതില്‍ തെറ്റില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. ആരോപണം തെളിയും വരെ ശശി കുറ്റക്കാരനല്ലെന്നും നേരത്തെ നിശ്ചയിച്ച പ്രകാരമാണ് ശശി ഉദ്ഘാടകനായതെന്നും ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. അടുത്ത ആഴ്ച നടക്കുന്ന സിപിഎം കാല്‍നട പ്രചരണ ജാഥയുടെ ഷൊര്‍ണൂര്‍ മണ്ഡലം ക്യാപ്റ്റനായി ശശിയാണ് എത്തുന്നതും. ഇതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com