ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരികെപോകില്ല ; മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്ന് തൃപ്തി ദേശായി

തങ്ങള്‍ക്ക് ദര്‍ശനത്തിന് വേണ്ട സൗകര്യങ്ങളും പ്രതിഷേധമുണ്ടായാല്‍ സുരക്ഷയും ഒരുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരികെപോകില്ല ; മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്ന് തൃപ്തി ദേശായി

ന്യൂഡല്‍ഹി : ശബരിമല ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തെഴുതി. ഈ മാസം 17 നാണ് ശബരിമല കയറുക. തന്നോടൊപ്പം ആറ് വനിതകളും കൂടിയുണ്ടാകും. തങ്ങള്‍ക്ക് ദര്‍ശനത്തിന് വേണ്ട സൗകര്യങ്ങളും പ്രതിഷേധമുണ്ടായാല്‍ സുരക്ഷയും ഒരുക്കണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളത്തിൽ നിന്നും തനിക്ക് ശബരിമല വരെ സുരക്ഷയൊരുക്കണം. ആവശ്യമായ താമസ സൗകര്യവും ഒരുക്കണം. ശബരിമല ദർശനം നടത്താതെ താൻ മടങ്ങിപ്പോകില്ലെന്നും തൃപ്തി ദേശായി കത്തിൽ സൂചിപ്പിച്ചു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിക്ക് പുറമെ, മഹാരാഷ്ട്ര സർക്കാരിനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെ‌ഹ്റയ്‌ക്കും തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

മണ്ഡലകാലം ആരംഭിക്കുമ്പോൾ താൻ ശബരിമലയിൽ എത്തുമെന്ന് നേരത്തെ തന്നെ തൃപ്‌തി ദേശായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ 17-ാം തീയതി തന്നെ ദർശനം നടത്താൻ തൃപ്തി തീരുമാനിക്കുകയായിരുന്നു. തൃപ്‌തി ദേശായി അടക്കമുള്ള ആക്‌ടിവിസ്‌റ്റുകൾ ശബരിമലയിലെത്തിയാൽ തടയുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. തൃപ്‌തിയെ തടയുമെന്ന് അയ്യപ്പ ധർമ സേനയും വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗവും അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com