സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; അങ്ങിങ്ങ് അക്രമം; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ 
സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; അങ്ങിങ്ങ് അക്രമം; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

കൊച്ചി; ശബരിമലയില്‍ എത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. പല സ്ഥലങ്ങളിലും ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. 

പൊലീസ് സംരക്ഷണമുണ്ടെങ്കില്‍ മാത്രമേ സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി നിര്‍ദേശിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണം ലഭിക്കാത്ത സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനം. സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമണം ഭയന്ന് പാതിവഴിയില്‍ അവസാനിപ്പിക്കുകയാണ്. 

ഇന്നലെ രാത്രിയോടെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതിനാല്‍ പലരും ഹര്‍ത്താലാണെന്ന് അറിഞ്ഞു വരുന്നതേയുള്ളൂ. ഇത് ജനങ്ങളെ കൂടുതല്‍ വലയ്ക്കുകയാണ്.രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യ വേദിയും ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ശബരിമലയിലേക്ക് പോകാനെത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്തു വെച്ച് തടയുകയായിരുന്നു. ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു ശശികല. ശനിയാഴ്ച രാവിലെ മാത്രമെ മലകയറാന്‍ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി. തിരികെപോകാന്‍ ശശികല കൂട്ടാക്കാതിരുന്നതിനെതുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com