ഇനി എന്‍ഡിഎയ്‌ക്കൊപ്പമില്ല; ബിജെപി സഖ്യം മതിയാക്കാന്‍ രാജന്‍ബാബു

സി.കെ ജാനുവിന് പിന്നാലെ എന്‍ഡിഎ ഘടകകക്ഷിയായ രാജന്‍ബാബു വിഭാഗവും മുന്നണി വിടുന്നു
ഇനി എന്‍ഡിഎയ്‌ക്കൊപ്പമില്ല; ബിജെപി സഖ്യം മതിയാക്കാന്‍ രാജന്‍ബാബു

ആലപ്പുഴ: സി.കെ ജാനുവിന് പിന്നാലെ എന്‍ഡിഎ ഘടകകക്ഷിയായ രാജന്‍ബാബു വിഭാഗവും മുന്നണി വിടുന്നു. ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെഎസ്എസിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചെത്തുന്നതില്‍ തടസ്സമില്ലെന്ന് ഗൗരിയമ്മ അറിയിച്ചതായാണ് സൂചന.

എന്‍ഡിഎയില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണനകള്‍ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി സി.കെ ജാനുവിന്റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ സഭ അടുത്തിടെയാണ് മുന്നണി വിട്ടത്.കൂടാതെ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍ഡിഎ നടത്തിയ പ്രതിഷേധസമര പരിപാടികളില്‍ നിന്നും മുന്നണി വിടുന്നതിന് മുമ്പ് തന്നെയായി വിയോജിപ്പ് രേഖപ്പെടുത്തി സി.കെ ജാനുവടക്കം മാറി നില്‍ക്കുകയും ചെയ്തിരുന്നു.

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എന്‍ഡിഎ നേതൃത്വത്തില്‍ ബിഡിജെഎസിനെ അടക്കം മുന്‍നിര്‍ത്തി യാത്രനയിച്ചെങ്കിലും എസ്എന്‍ഡിപി യോഗം പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചും സര്‍ക്കാരിനെ പിന്തുണച്ചും ആദ്യം രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഡിഎയില്‍ നിന്നും രാജന്‍ബാബു വിഭാഗവും പിന്മാറുന്നതെന്നതാണ് ശ്രദ്ധേയം. വെള്ളാപ്പള്ളി നടേശന്റെ മൗനാനുവാദവും ഉണ്ടെന്നാണ് സൂചന.

രാജന്‍ബാബു മടങ്ങിവരുന്നതിന് രണ്ട് ഉപാധികളാണ് ജെഎസ്എസ് മുന്നോട്ട് വെച്ചത്. രാജന്‍ബാബു ഗൗരിയമ്മയ്‌ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണം, എന്‍ഡിഎ ഘടകകക്ഷി സ്ഥാനത്ത് നിന്നുമാറണം എന്നിവയാണ് അത്. രാജന്‍ബാബുവിന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നാണ് അറിയുന്നത്. ജെഎസ്എസിലേക്കുളള മടങ്ങിവരവിനായി രാജന്‍ബാബു വിഭാഗം നിരവധി തവണ ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയിരുന്നു.

നേരത്തെ നടത്തിയ കൂടിക്കാഴ്ചകളിലും ഗൗരിയമ്മ രണ്ട് ഉപാധികള്‍ മുന്നോട്ട് വെച്ചിരുന്നു. എന്‍ഡിഎ മുന്നണി വിടുന്നതായി പരസ്യ പ്രഖ്യാപനം നടത്തണം, ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്കെതിരെ ആലപ്പുഴ കോടതിയില്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കണം എന്നിവയായിരുന്നു അത്. ഇരുവിഭാഗവും ഒന്നാകുന്നതോടെ ആരാണ് ഔദ്യോഗിക ജെഎസ്എസ് എന്ന തര്‍ക്കത്തെ ചൊല്ലിയുളള കേസും അവസാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com