ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ പോകാം, ശരണമന്ത്രം ചൊല്ലുന്നത് തടയരുത്; നിരോധനാജ്ഞയ്ക്ക് ആധാരമായ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു
ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ പോകാം, ശരണമന്ത്രം ചൊല്ലുന്നത് തടയരുത്; നിരോധനാജ്ഞയ്ക്ക് ആധാരമായ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ശരണമന്ത്രം വിളിക്കുന്നത് തടയരുതെന്ന് ഹൈക്കോടതി. ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ പോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

ശബരിമലയില്‍ സുരക്ഷാചുമതലയുളള എസ്പി യതീഷ് ചന്ദ്രയെയും വിജയ് സാഖറേയും പേരുപരാമര്‍ശിക്കാതെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇരുവര്‍ക്കും മലയാളം അറിയില്ലേയെന്ന് കോടതി ചോദിച്ചു. ശബരിമലയിലെ സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ഡിജിപി പുറത്തിറക്കിയ സര്‍ക്കുലര്‍ ഇരുവര്‍ക്കും മനസിലാകുന്നില്ലേ?  എസ്പിയുടെ ശരീരഭാഷ തന്നെ ശരിയല്ല എന്ന് വ്യക്തമാക്കിയ കോടതി , ഇരുവരുടെയും പേരില്‍ ക്രിമിനല്‍ കേസ് ഉളളതല്ലേയെന്ന് ചോദിച്ചു. എസ്പിയുടെയും ഐജിയുടെയും വിശദാംശങ്ങള്‍ അറിയിക്കണമെന്ന്് വ്യക്തമാക്കിയ കോടതി ഇരുവരെയും നിയമിച്ചത് എന്തിന് എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും നിര്‍ദേശിച്ചു.

ശബരിമലയില്‍ നിരോധനാജ്ഞ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ശബരിമല നടപ്പന്തലില്‍ കിടന്നുറങ്ങിയവരെ വിളിച്ചുണര്‍ത്തിയോ എന്ന് കോടതി ചോദിച്ചു. അങ്ങനെ ചെയ്തുവെങ്കില്‍ അത് മൗലികവകാശ ലംഘനമാണ് എന്ന് കോടതി നിരീക്ഷിച്ചു. 

ശബരിമലയില്‍ ആളെ സംഘടിപ്പിക്കാന്‍ ബിജെപി പുറത്തിറക്കിയ സര്‍ക്കുലര്‍ ചൂണ്ടിക്കാണിച്ച് ഹര്‍ജിക്കാരനെയും ഹൈക്കോടതി വിമര്‍ശിച്ചു. 
സംഘര്‍ഷം ലക്ഷ്യവെച്ചാണ് ബിജെപി സര്‍ക്കുലര്‍ പുറത്തിറക്കിയത്. സഞ്ചിയില്‍ ചില സാധനങ്ങള്‍ കൊണ്ടുവരണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. എന്താണ് ഈ സാധനങ്ങള്‍? . ഇതിനെ കുറിച്ച് അന്വേഷിക്കേണ്ടതല്ലെയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.  

 ശബരിമലയില്‍ സംഭവിക്കുന്നത് അത്യന്തം ദുഃഖകരമായ കാര്യങ്ങളാണ്. നിരോധനാജ്ഞ അതിന്റെ യഥാര്‍ത്ഥ ഉദേശത്തിലാണോ നടപ്പാക്കുന്നത്  എന്നും ദേവസ്വം ബഞ്ച് ചോദിച്ചു.നിരോധനാജ്ഞയുടെ ഫലമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നിയമപരമാണോ എന്നും കോടതി ചോദിച്ചു. ശബരിമലയില്‍ നിരോധനാജ്ഞ  പ്രഖ്യാപിച്ച സാഹചര്യത്തെ കുറിച്ച് അഡ്വക്കേറ്റ് ജനറല്‍ വിശദീകരിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. 

ശബരിമലയില്‍ നിന്ന് അന്യസംസ്ഥാനക്കാര്‍ മടങ്ങിപ്പോയോയെന്ന് ഹൈക്കോടതി ചോദിച്ചു. മുംബൈയില്‍ നിന്ന് വന്ന വിശ്വാസികള്‍ മടങ്ങിപ്പോയത് എന്തുകൊണ്ടാണ്. ചില പൊലീസുകാര്‍ നിയമം കൈയിലെടുത്തു. വിശ്വാസികളില്‍ പൊലീസ് നടപടി ഭീതിയുളവാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. 

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തെ കുറിച്ച് ഐജി വിജയ് സാഖറേ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
മണ്ഡലക്കാലത്ത് ശബരിമലയില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉളളതായി  റിപ്പോര്‍ട്ടില്‍ പറയുന്നു. 
ചിത്തിര ആട്ടപൂജ, തുലാംമാസ പൂജ എന്നിവയ്ക്കായി നടതുറന്നപ്പോള്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടായ കാര്യങ്ങളും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിശ്വാസികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

നേരത്തെ ശബരിമലയില്‍ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഭക്തരെയും പ്രതിഷേധക്കാരേയും എങ്ങനെ തിരിച്ചറിയും. ഇത് ആര്‍ക്കൊക്കേ ബാധകമാണെന്നും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് ചോദിച്ചു. 

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ഹിന്ദുപരിഷത്താണ് കോടതിയെ സമീപിച്ചത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഭരണഘടനയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. ഇതിന് പുറമേ ശബരിമലയിലെ സമയക്കുറവ് സംബന്ധിച്ച് ഇടക്കാല അപേക്ഷയും ഹര്‍ജിക്കാര്‍ കോടതിയില്‍ നല്‍കിയിരുന്നു.

നേരത്തെ സന്നിധാനത്ത് 48 മണിക്കൂര്‍ വരെ തങ്ങാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദര്‍ശനം നടത്തി ഉടന്‍ തിരിച്ചുപോകണമെന്നാണ് പൊലീസ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ ഇടക്കാല അപേക്ഷ നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ സംബന്ധിച്ച് വിവിധ ചോദ്യങ്ങള്‍ ഹൈക്കോടതി ഉന്നയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com