യതീഷ് ചന്ദ്രക്കെതിരെ പഴ്‌സണ്‍ മന്ത്രാലയത്തിന് ബിജെപി പരാതി നല്‍കി 

നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ എസ്പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിളള പരാതി നല്‍കി
യതീഷ് ചന്ദ്രക്കെതിരെ പഴ്‌സണ്‍ മന്ത്രാലയത്തിന് ബിജെപി പരാതി നല്‍കി 

പത്തനംതിട്ട: നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് എസ്പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിളള പരാതി നല്‍കി. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിനാണ് യതീഷ് ചന്ദ്രക്കെതിരായ പരാതി ശ്രീധരന്‍പിളള നല്‍കിയത്. നിലയ്ക്കലില്‍ കേന്ദ്രമന്ത്രി എത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബിജെപി യതീഷ് ചന്ദ്രക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീധരന്‍പിളള കേന്ദ്രത്തിന് പരാതി നല്‍കിയത്.

ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി നിലയ്ക്കലില്‍ എത്തിയപ്പോള്‍ യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചാണ് ബിജെപി പരാതി നല്‍കിയത്. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയില്ലെന്ന് യതീഷ് ചന്ദ്ര നിലപാട് സ്വീകരിച്ചത് മന്ത്രിയുമായി വാക്കുതര്‍ക്കത്തിനും കാരണമായി. മന്ത്രിയുടെ വാഹനം മാത്രം കടത്തിവിടാമെന്നായിരുന്നു യതീഷ് ചന്ദ്രയുടെ നിലപാട്. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയില്ലെന്നും അദ്ദേഹം കര്‍ശന നിലപാട് സ്വീകരിച്ചു. മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച്  എസ്പിക്കെതിരെ ബിജെപി വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. 

കേരളത്തില്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് ശ്രീധരന്‍പിളള ആരോപിച്ചു. 50 കൊല്ലത്തോളമായി ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമം നടത്തിവരികയാണെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ പൊലീസരാജ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പാക്കിയിരിക്കുന്നത്. അരാജകത്വം സൃഷ്ടിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com