നാദിറ: കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ത്ഥി; ചരിത്രം കുറിച്ച് എഐഎസ്എഫ്

നാദിറ: കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ത്ഥി; ചരിത്രം കുറിച്ച് എഐഎസ്എഫ്

കേരള സര്‍വകലാശ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥിയെ മത്സരിപ്പിച്ച് ചരിത്രമെഴുതി എഐഎസ്എഫ്

തിരുവനനന്തപുരം: കേരള സര്‍വകലാശ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥിയെ മത്സരിപ്പിച്ച് ചരിത്രമെഴുതി എഐഎസ്എഫ്. തിരുവനന്തപുരം തോന്നയ്ക്കല്‍ എജെ കോളജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്. ജനറല്‍ സെക്രട്ടറി സീറ്റിലേക്ക് മാധ്യമവിദ്യാര്‍ത്ഥിയായ നാദിറയാണ് മത്സരിക്കുന്നത്. 

കേരള സര്‍വകലാശാലയ്ക്ക് കീഴിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമവിദ്യാര്‍ത്ഥി കൂടിയാണ് നാദിറ. ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പിലാണ് നാദിറ ഇപ്പോള്‍. ട്രാന്‍സ്‌ജെന്‍ഡര്‍  ഫാഷന്‍ ഷോയായ എം.എക്‌സ് മാനവീയം 2018ന്റെ ടൈറ്റില്‍ വിന്നറാണ് നാദിറ. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രാന്‍സ് സ്‌കോളര്‍ഷിപ്പിനും അര്‍ഹത നേടിയിട്ടുള്ള നാദിറ ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. 

എഐഎസ്എഫ് സഖാക്കള്‍ മത്സരിക്കണം എന്ന് ആവശ്യം മുന്നോട്ടുവച്ചപ്പോള്‍ തള്ളിക്കളയാന്‍ തോന്നിയില്ല. അവകാശപ്പോരാട്ടത്തില്‍ ഇതു മറ്റൊരു ചുവടുവയ്പ്പാണ്. വീട്ടുകാരും നാട്ടുകാരും തള്ളിക്കളഞ്ഞപ്പോള്‍ കൂടെനിന്നവരുടെ കൂട്ടത്തില്‍ ഈ പ്രസ്ഥാവുമുണ്ട്. അതിജീവിക്കാന്‍ പഠിപ്പിച്ചവരുടെ കൂട്ടത്തില്‍ ഈ സഖാക്കളുമുണ്ട്. ക്യാമ്പസുകള്‍ മാറുന്നതിനുള്ള സൂചനയായിട്ടാണ് ഞാനിത് കാണുന്നത്-നാദിറ സമകാലിക മലയാളത്തോട് പറഞ്ഞു. 

മാറ്റം എല്ലായിടത്തും അനിവാര്യമാണ്, അത് ക്യാമ്പസുകളില്‍ നിന്ന് തുടങ്ങണം. സംഘടനകളുടെ കമ്മിറ്റികളിലേക്കും മറ്റും ട്രാന്‍സ്‌ജെന്ററുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ അവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറക്കിയിട്ടില്ല. അത്തരം മാറ്റമാണ് ഞങ്ങളാഗ്രഹിക്കുന്നത്. കാലത്തിനനുസരിച്ചുള്ള കാതലായ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കണം. അതിനായുള്ള കാല്‍വയ്പ്പാണ് ഇത്- എഐഎസ്എഫ് എജെ കോളജ് യൂണിറ്റ് പ്രസിഡന്റ് മുസമ്മില്‍ സമകാലിക മലയാളത്തോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com