കനത്ത മഴ : ദേശീയ ദുരന്ത പ്രതികരണ സേനയുടെ അഞ്ച് ടീം കേരളത്തിലെത്തി

ആവശ്യമെങ്കില്‍ കേരളത്തിലേക്ക് അയക്കാന്‍ പത്ത് ടീമിനെ കൂടി സജ്ജമാക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി
കനത്ത മഴ : ദേശീയ ദുരന്ത പ്രതികരണ സേനയുടെ അഞ്ച് ടീം കേരളത്തിലെത്തി

തിരുവനന്തപുരം : കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത പ്രതികരണസേനയുടെ അഞ്ച് ടീം കേരളത്തിലെത്തിയതായി മുഖ്യമന്ത്രി പിണരായി വിജയൻ അറിയിച്ചു. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളിലാണ് എന്‍ ഡി ആര്‍ എഫ് സംഘത്തെ വിന്യസിക്കുന്നത്. മൂന്ന് ടീം എന്‍ ഡി ആര്‍ എഫ് സംഘം കേരളത്തില്‍ തുടരുന്നുണ്ടായിരുന്നു. ആവശ്യമെങ്കില്‍ കേരളത്തിലേക്ക് അയക്കാന്‍ പത്ത് ടീമിനെ കൂടി സജ്ജമാക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. 

ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു ജില്ലകളിലും ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുമുതല്‍ എട്ടുവരെയുളള മറ്റു ദിവസങ്ങളില്‍ ഇടുക്കിയിലും ശനിയാഴ്ചയും തിങ്കളാഴ്ചയും മലപ്പുറം ജില്ലയിലും അതിശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഇടുക്കി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായുളള മൂന്നുദിവസങ്ങളില്‍ പാലക്കാട് അതിശക്തമായ മഴ യ്ക്ക് സാധ്യതയുളളതായും മുന്നറിയിപ്പില്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ പാലക്കാടിന് പുറമേ പത്തനംതിട്ട,വയനാട് ജില്ലകളിലും സമാനമായ മഴ പെയ്യും. ശനിയാഴ്ച പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് പുറമേ  മലപ്പുറത്തും ലക്ഷദ്വീപിലും അതിശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ന്യൂനമർദത്തെ തുടർന്ന് രൂപപ്പെട്ട ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കാനിടയില്ലെങ്കിലും ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്ത മഴയുടെ സാധ്യത പരി​ഗണിച്ച് സംസ്ഥാനത്തെ നിരവധി ഡാമുകൾ തുറന്നുവിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com