കോടതി വിലക്കിന് പുല്ലുവില; സാലറി ചലഞ്ചിന് നോ പറഞ്ഞവരെ പൊതുസമൂഹത്തില്‍ അപമാനിച്ച് സിപിഎം, കണ്ണൂരില്‍ പോസ്റ്ററുകള്‍

നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ മുന്നോട്ടുവച്ച സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ അവഹേളിക്കരുതെന്നും വിവരങ്ങള്‍ പരസ്യപ്പെടുത്തരുതുമെന്നുള്ള ഹൈക്കോടതി ഉത്തരവിന് പുല്ലുവില നല്‍കി സിപിഎം
കോടതി വിലക്കിന് പുല്ലുവില; സാലറി ചലഞ്ചിന് നോ പറഞ്ഞവരെ പൊതുസമൂഹത്തില്‍ അപമാനിച്ച് സിപിഎം, കണ്ണൂരില്‍ പോസ്റ്ററുകള്‍

കണ്ണൂര്‍: നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ മുന്നോട്ടുവച്ച സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ അവഹേളിക്കരുതെന്നും വിവരങ്ങള്‍ പരസ്യപ്പെടുത്തരുതുമെന്നുള്ള ഹൈക്കോടതി ഉത്തരവിന് പുല്ലുവില നല്‍കി സിപിഎം. കണ്ണൂരില്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ കൂട്ടാക്കത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് പരസ്യപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നു. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത അധ്യാപകരെ ലക്ഷ്യമിട്ട് പോസ്റ്ററുകള്‍ ഇതിനോടകംതന്നെ പതിപ്പിച്ചു കഴിഞ്ഞു. 

പാര്‍ട്ടി ഗ്രാമമായ കരിവള്ളൂരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. അധ്യാപകരും ഇടത് സാമൂഹ്യപ്രവര്‍ത്തകരുമായ മുരളി,രാജന്‍ എന്നീ അധ്യാപകരെ ലക്ഷ്യംവച്ചാണ് ഈ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.

ഡിവൈഎഫ്‌ഐയുടെ പേരിലാണ് പോസ്റ്റര്‍ പ്രചാരണം നടക്കുന്നത്. ഡിവൈഎഫ്‌ഐയുടെ ആദ്യരൂപമായ അഭിനവ ഭാരത് യുവക് സംഘം എ.വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ടപ്പോള്‍ മുന്നണിപ്പോരാളിയായിരുന്ന എം.വി നാരായണന്റെ മകനാണ് ഇപ്പോള്‍ അധിക്ഷേപം നേരിടുന്ന മുരളി. 

ജോലിക്കുള്ള കൂലി ആരുടെയും ഔദാര്യമല്ല. മറിച്ച്, ജോലി ചെയ്യുന്ന ആളിന്റെ അവകാശമാണ്. ഇന്ത്യന്‍ ഭരണഘടന ജോലി എടുക്കാനും കൂലി ലഭിക്കാനുമുള്ള പൗരന്മാരുടെ അവകാശത്തെ അംഗീകരിച്ചിട്ടുണ്ടെന്ന് മാത്രമല്ല, കൂലി അതാത് വ്യക്തികളുടെ സ്വകാര്യ സ്വത്താണെന്നും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300 ലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആ നിലയില്‍ കേരള സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാലറി ചാലഞ്ച് ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ്. തൊഴിലാളികളുടെ / ജീവനക്കാരുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റവും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടപടിയുമാണിതെന്ന് മുരളി പറയുന്നു. 

യഥാര്‍ത്ഥത്തില്‍, ഇവിടെ കൂലി തടഞ്ഞുവെക്കുകയാണുണ്ടായത്. അതിനു ശേഷം എതിര്‍പ്പുണ്ടെങ്കില്‍ നോ പറയണം എന്നു പറയുന്നത് ഒരു വലതുപക്ഷ ഫാസിസ്റ്റ് സമീപനമാണ്. യാതൊരു കാരണവശാലും ഇടതുപക്ഷ സമീപനമല്ല. ഈ അവകാശ നിഷേധത്തെയാണ് ഞങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുള്ളത്. 

അവകാശബോധവും ആത്മാഭിമാനബോധവും തൊട്ടു തീണ്ടാത്ത സംഘടനാ നേതാക്കന്മാര്‍ക്കിതു മനസ്സിലാവുകയില്ല.അവര്‍ ഭരണകൂട നയങ്ങള്‍ക്ക് വിടുപണി ചെയ്യുന്ന കങ്കാണിമാരായി എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു! ഒന്നോര്‍ക്കുക; സാലറി ചാലഞ്ച്  കേരളത്തിലെ പ്രളയവുമായി മാത്രം ബന്ധപ്പെട്ട ഒരു പദ്ധതിയല്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടത്തിന് അത് സമര്‍ത്ഥമായി നടപ്പിലാക്കാന്‍ പറ്റുന്നു എന്നു മാത്രം അദ്ദേഹം പറഞ്ഞു.  ഇതൊരു സര്‍ജിക്കല്‍ സ്‌െ്രെടക്ക് ആണ്. ഇതിനോട് ജീവനക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കിയാണ് അടുത്ത നടപടി ആവിഷ്‌ക്കരിക്കുക.

ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ബാധ്യത തീര്‍ച്ചയായും നമുക്കുണ്ട്. അത് ഓരോരുത്തരും അവരവരുടെ താല്പര്യത്തിനും ശേഷിക്കും പൂര്‍ണ്ണ സമ്മതത്തോടും സന്തോഷത്തോടു കൂടിയും നിര്‍വഹിക്കേണ്ടതാണ്. ആരും അടിച്ചേല്‍പ്പിക്കേണ്ടതല്ല. തീര്‍ച്ചയായും അത് നമ്മള്‍ നേരിട്ടും അല്ലാതെയും നിര്‍വഹിച്ചു പോരുന്നുണ്ട്. ഇനിയും അത് നിര്‍വഹിക്കുകയും ചെയ്യുമെന്ന് മുരളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com