ശബരിമല: ബിജെപി ലക്ഷ്യം സാമുദായിക കലാപം: കോണ്‍ഗ്രസ് ചൂട്ടുപിടിച്ചു കൊടുക്കുന്നുവെന്ന് എഐവൈഎഫ്  

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം ഉറപ്പുവരുത്തിയ സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ ആസൂത്രിതമായ സാമുദായിക കലാപം അഴിച്ചുവിടാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്ന് എഐവൈഎഫ്
ശബരിമല: ബിജെപി ലക്ഷ്യം സാമുദായിക കലാപം: കോണ്‍ഗ്രസ് ചൂട്ടുപിടിച്ചു കൊടുക്കുന്നുവെന്ന് എഐവൈഎഫ്  

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം ഉറപ്പുവരുത്തിയ സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ ആസൂത്രിതമായ സാമുദായിക കലാപം അഴിച്ചുവിടാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്ന് എഐവൈഎഫ്. ഇതിനെതിരെ വിശ്വാസികള്‍ അടക്കം എല്ലാ ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍.സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ പറഞ്ഞു. വോട്ടു ബാങ്ക് ലക്ഷ്യമാക്കി ബിജെപി നടത്തുന്ന ഈ കിരാത നടപടിക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനില്‍ക്കുന്നത് അപഹാസ്യമാണ്. 


പ്രായവ്യത്യാസമില്ലാതെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് അഭിപ്രായം ഉയര്‍ത്തുകയും കോടതി വിധിയെ സ്വാഗതം ചെയ്യുകയും ചെയ്ത ആര്‍എസ്എസും വിധി പുറപ്പെടുവിച്ച് ആദ്യ ദിവസങ്ങളില്‍ കാര്യമായ ഒരു പ്രതിഷേധവും ഉയര്‍ത്താതിരുന്ന ബിജെപിയും ഇപ്പോള്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും വിശ്വാസത്തെ മുതലെടുത്തുകൊണ്ടും ഹൈന്ദവ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമം നടത്തിവരികയാണ്.   

സത്രീ സമത്വത്തിനും ജനാധിപത്യത്തിനും പുരോഗമനാത്മകമാറ്റത്തിനും വേണ്ടി നിലകൊള്ളുന്നവെന്ന് പറയുന്ന കോണ്‍ഗ്രസ് ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത്. കോണ്‍ഗ്രസും സംഘപരിവാറും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നും എഐവൈഎഫ് നേതാക്കള്‍ പറഞ്ഞു. യുക്തിഹീനമായ ആചാരങ്ങളെ അതേപടി നിലനിര്‍ത്തുവാനുള്ള സ്ഥാപിതതാല്‍പ്പര്യക്കാരുടെ ശ്രമങ്ങള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണ് കോണ്‍ഗ്രസെന്നും ഇത് സാമൂഹിക പരിവര്‍ത്തനത്തിനല്ല മറിച്ച് സാമൂഹിക അസമത്വത്തിനും സാമൂഹിക ജീര്‍ണ്ണതക്കുമാണ് വഴിതെളിക്കുകയെന്നും എഐവൈഎഫ് നേതാക്കള്‍ ചൂണ്ടികാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com