ശബരിമല :  ബിജെപിയും കോണ്‍ഗ്രസും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു, സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

കേരളത്തില്‍ മതവും വര്‍ഗീയതയും ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്
ശബരിമല :  ബിജെപിയും കോണ്‍ഗ്രസും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു, സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം :  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂഹര്‍ജി നല്‍കില്ല. എല്ലാവരുമായി ഐക്യത്തോടെ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സത്യവാങ്മൂലത്തിന്റെ പേരില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. കേരളത്തില്‍ മതവും വര്‍ഗീയതയും ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

ശബരിമലയിലെ വിഷയത്തില്‍ കോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് സിപിഎം നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു അവ്യക്തതയുമില്ല. ആശയക്കുഴപ്പവുമില്ല. വിധി യുദ്ധം ചെയ്ത് നടപ്പാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കണം. 

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍, അത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത്, നടപ്പാക്കാന്‍ അവരുടെ സഹകരണം തേടുകയാണ് വേണ്ടത്. ഹിന്ദു വര്‍ഗീയ വാദികളുടെ കയ്യിലെ കളിപ്പാവയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍.  മതനിരപേക്ഷ സമീപനം പുലര്‍ത്തുന്ന, പുരോഗമന സമീപനം സ്വീകരിക്കേണ്ടുന്ന ആളുകള്‍ എടുക്കേണ്ട നിലപാടല്ല ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളത്. 

എഐസിസി നിലപാടിന് വിരുദ്ധമാണ് ശബരിമല വിഷയത്തില്‍ കെപിസിസി സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര തീരുമാനത്തിന് വിരുദ്ധ നിലപാട് എടുത്ത കെപിസിസിയെ കോണ്‍ഗ്രസ് നേതൃത്വം പിരിച്ചുവിടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ റിവ്യൂഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച ശേഷം തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. ഇക്കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം കൈക്കൊള്ളുമെന്നും പദ്മകുമാര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com