ന്യൂനമര്‍ദത്തിന് പിന്നാലെ തുലാവര്‍ഷവും: നാളെയെത്തിയേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂനമര്‍ദവും ചുഴലിക്കാറ്റ് ഭീഷണിയും തുടരുന്നതിനിടെ സംസ്ഥാനത്ത് തുലാവര്‍ഷത്തിന് നാളെമുതല്‍ തുടക്കമായേക്കും
ന്യൂനമര്‍ദത്തിന് പിന്നാലെ തുലാവര്‍ഷവും: നാളെയെത്തിയേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ന്യൂനമര്‍ദവും ചുഴലിക്കാറ്റ് ഭീഷണിയും തുടരുന്നതിനിടെ സംസ്ഥാനത്ത് തുലാവര്‍ഷത്തിന് നാളെമുതല്‍ തുടക്കമായേക്കും. അടുത്ത വെള്ളിവരെ കേരളത്തില്‍ ഉച്ചകഴിഞ്ഞുള്ള മഴയ്ക്ക് ഇത് കാരണമാകും. സാധാരണ ഒക്ടോബര്‍ പകുതിയോടെയാണ് തുലാവര്‍ഷം എത്തുക. കേരള-തമിഴ്‌നാട് തീരത്തെ കനത്ത മഴമേഘങ്ങളുട സാന്നിധ്യം തുലാവര്‍ഷത്തെ ഇപ്രാവശ്യം നേരത്തെയാക്കി. 

ന്യൂനമര്‍ദത്തെ തുടര്‍ന്ന് മലപ്പുറം,ഇടുക്കു,പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. എല്ലാ കലക്ടര്‍മാരോടും ജാഗ്രത തുടരാന്‍ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ നിന്ന് 730 കിലോമീറ്റര്‍ അകലെ വടക്കുപടിഞ്ഞാറു ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയത്. ഇത് അര്‍ധരാത്രിയില്‍ അതിതീവ്ര ന്യൂനമര്‍ദമായി. ഇന്ന് ചുഴലിക്കാറ്റായി മാറി ഒമാന്‍, യെമന്‍ തീരങ്ങളിലേക്കു നീങ്ങും.

വെള്ളിയാഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടത് കൊച്ചി തീരത്തു നിന്ന് 500 കിലോമീറ്റര്‍ അകലെയായിരുന്നെങ്കില്‍ ഇന്നലെ വൈകിട്ട് തീവ്രന്യൂനമര്‍ദമായി മാറിയത് 1,026 കിലോമീറ്റര്‍ അകലെയാണ്. കാറ്റ് ഇന്ത്യന്‍തീരത്തു നിന്ന് അകലുന്നതിനാല്‍ അപകടസാധ്യത കുറയുമെന്നാണു വിലയിരുത്തല്‍.

കടഠ സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന നിലയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമാണ് ഇത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടുമണിവരെയാക്കാമെന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പിന്‍വലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com