സന്നിധാനത്തേക്ക്‌ തത്കാലം വനിതാ പൊലീസില്ല; പമ്പയില്‍ കൂടുതല്‍ വിന്യസിക്കും

സന്നിധാനത്ത് തത്കാലം വനിതാ പൊലീസിനെ വിന്യസിക്കേണ്ടതില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ തീരുമാനം - നിലവില്‍ സാധാരണക്രമീകരണങ്ങള്‍ മാത്രം മതി
സന്നിധാനത്തേക്ക്‌ തത്കാലം വനിതാ പൊലീസില്ല; പമ്പയില്‍ കൂടുതല്‍ വിന്യസിക്കും

തിരുവനന്തപുരം: സന്നിധാനത്ത് തത്കാലം വനിതാ പൊലീസിനെ വിന്യസിക്കേണ്ടതില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ തീരുമാനം. ആവശ്യമെങ്കില്‍ മാത്രമായിരിക്കും വനിത പൊലീസ് മല ചവിട്ടുക. മണ്ഡല-മകര വിളക്ക് കാലത്ത് പമ്പയില്‍ കുടുതല്‍ പൊലീസിനെ വിന്യസിക്കാനും വൈകീട്ട് ഡിജിപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

കൂടുതല്‍ സ്ത്രീകള്‍ എത്തിയാല്‍ മാത്രം സന്നിധാനത്തേക്ക് വനിതാ പൊലീസിനെ നിയോഗിച്ചാല്‍ മതി. നിലവില്‍ സാധാരണക്രമീകരണങ്ങള്‍ മാത്രം മതിയെന്നും യോഗത്തില്‍ തീരുമാനമായി. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ വനിതാ പൊലീസിനെ നിയോഗിച്ചുകൊണ്ടുള്ള ആദ്യ പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു.
 

നാല്‍പതംഗ വനിതാ ജീവനക്കാരുടെ പട്ടിക പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് തയ്യാറാക്കിയിരിക്കുന്നത്. എത്രയും വേഗം ഡ്യൂട്ടിക്ക് തയ്യാറാകാന്‍ പട്ടികയിലുള്ളവരോട് പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാരും ഡിജിപിയും വ്യക്തമാക്കിയിരുന്നു. ഇതിന് വേണ്ടി  വനിതാ പൊലീസുകാരെ വിട്ടുതരാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റഅയല്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സ്വമേധയാ ഡ്യൂട്ടിക്ക് തയ്യാറാകുന്ന വനിതാ പൊലീസുകാരെ മാത്രമേ ആദ്യഘട്ടത്തില്‍ ശബരിമലയിലേക്ക് അയക്കുള്ളുവെന്ന് ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

യുവതികളെ പ്രവേശിപ്പിച്ചാല്‍ തടയുമെന്ന് ഭീഷണിപ്പെടുത്തി ചില ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസും ബിജെപിയും പ്രത്യക്ഷ എതിര്‍പ്പുമായി രംഗത്തുണ്ട്. വിശ്വാസികളുടെ ഭാഗത്ത് നിന്നും വലില എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com