സിപിഎം എംഎല്‍എയുടെ വായ്പ അടച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി? വിമര്‍ശനവുമായി വിടി ബല്‍റാം 

വേണ്ടപ്പെട്ടവര്‍ക്ക് വാരിക്കോരിക്കൊടുക്കുന്നതും ഏറ്റവും അര്‍ഹതപ്പെട്ട ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ പോലും തയ്യാറാകാത്തതും എന്ത് തരം നീതിയാണ്?
സിപിഎം എംഎല്‍എയുടെ വായ്പ അടച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി? വിമര്‍ശനവുമായി വിടി ബല്‍റാം 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വി ടി ബല്‍റാം എം എല്‍ എ. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ രാമചന്ദ്രന്‍നായരുടെ വായ്പ അടക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചതിനെ വിമര്‍ശിച്ചാണ് ബല്‍റാം രംഗത്തു വന്നത്. സ്വാഭാവിക മരണം നേരിട്ട സിപിഎം എംഎല്‍എയുടെ സ്വര്‍ണ്ണപ്പണ്ട പണയം വായ്പയും കാര്‍ വായ്പയുമൊക്കെ അടച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ചോദിക്കുന്നു. 

മലപ്പുറത്ത് തോണി അപകടത്തില്‍ മരിച്ച കുട്ടികള്‍ക്ക് നാമമാത്രമായ പണം അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ വിമര്‍ശനം. ഇവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിച്ച് 10 ലക്ഷം രൂപയെങ്കിലുമായി ധനസഹായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താന്‍ അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കാനാവില്ലെന്നാണ് മറുപടി ലഭിച്ചത്. പൊതുമുതലെടുത്ത് വേണ്ടപ്പെട്ടവര്‍ക്ക് തോന്നിയപോലെ വാരിക്കോരിക്കൊടുക്കുന്നതും ഏറ്റവും അര്‍ഹതപ്പെട്ട ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ പോലും തയ്യാറാകാത്തതും എന്ത് തരം നീതിയാണ്? ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ഡിസംബര്‍ അവസാനത്തിലാണ് മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലത്തിലെ ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയില്‍ തോണിയപകടത്തില്‍ ആറ് കുട്ടികള്‍ മരിച്ചത്. കൗമാരക്കാരായ വിദ്യാര്‍ത്ഥികളായിരുന്നു അടുത്ത ബന്ധുക്കളായിരുന്ന ഈ കുട്ടികള്‍. ഉള്‍നാടന്‍ മത്സ്യബന്ധനവുമായി മുന്നോട്ടു പോകുന്ന അങ്ങേയറ്റം ദരിദ്രകുടുംബങ്ങളിലെ കുട്ടികളാണ് ഒറ്റയടിക്ക് ഈ ദുരന്തത്തിനിരകളായത്. ഇവര്‍ക്ക് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരമായി നല്‍കിയത് 2 ലക്ഷം രൂപ വീതം മാത്രം. കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ഭാരവാഹിയായ വ്യവസായി ഒരു ലക്ഷം രൂപ വീതം സ്വന്തം നിലക്കും നല്‍കുകയുണ്ടായി. തീര്‍ത്തും അപര്യാപ്തമായ ഈ നഷ്ടപരിഹാരത്തുക കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും സാമൂഹിക, മാനുഷിക പരിഗണനകളും വച്ച് 10 ലക്ഷം രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഞാന്‍ ബഹു.മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് ആ ആവശ്യം പരിഗണിക്കാന്‍ പോലുമാവില്ലെന്ന് അറിയിച്ച് ഇപ്പോള്‍ മറുപടി കിട്ടിയിട്ടുണ്ട്.

എന്താണിതിന്റെയൊക്കെ മാനദണ്ഡം? സ്വാഭാവിക മരണം നേരിട്ട സിപിഎം എംഎല്‍എയുടെ സ്വര്‍ണ്ണപ്പണ്ട പണയം വായ്പയും കാര്‍ വായ്പയുമൊക്കെ അടച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി? പൊതുമുതലെടുത്ത് വേണ്ടപ്പെട്ടവര്‍ക്ക് തോന്നിയപോലെ വാരിക്കോരിക്കൊടുക്കുന്നതും ഏറ്റവും അര്‍ഹതപ്പെട്ട ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ പോലും തയ്യാറാകാത്തതും എന്ത് തരം നീതിയാണ്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com