ഒാട്ടം വിളിച്ച പൊലീസുകാരനോട് കാശ് ചോദിച്ചു; മർദിച്ചിട്ടും വിട്ടില്ല; സസ്പെഷൻ

കാശു കൊടുക്കാതെ യാത്ര ചെയ്ത ട്രാഫിക്ക് പൊലീസുകാരനോട് പണം ചോദിച്ച ഓട്ടോ ഡ്രൈവർക്ക് മർദനം. പരാതിയെ തുടർന്ന് പൊലീസുകാരനെതിരേ സിഎെ കേസ് എടുത്തു
ഒാട്ടം വിളിച്ച പൊലീസുകാരനോട് കാശ് ചോദിച്ചു; മർദിച്ചിട്ടും വിട്ടില്ല; സസ്പെഷൻ

തൃശൂര്‍: കാശു കൊടുക്കാതെ യാത്ര ചെയ്ത ട്രാഫിക്ക് പൊലീസുകാരനോട് പണം ചോദിച്ച ഓട്ടോ ഡ്രൈവർക്ക് മർദനം. പരാതിയെ തുടർന്ന് പൊലീസുകാരനെതിരേ സിഎെ കേസ് എടുത്തു. ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജിഎച്ച് യതീശ്ചന്ദ്ര ഉത്തരവിട്ടു. 

തൃശൂർ വടക്കേ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടം വിളിച്ച ട്രാഫിക്ക് പൊലീസ് ഉദ്യോ​ഗസ്ഥനാണ് പണം ചോദിച്ചതിന് ഡ്രൈവറെ മർദിച്ചത്. തൃശൂര്‍ വെങ്ങിണിശേരി സ്വദേശിയായ ആഘോഷായിരുന്നു ഓ‍ട്ടോ ഡ്രൈവര്‍. വണ്ടി രണ്ടു കിലോമീറ്റര്‍ പിന്നിട്ട് മുന്‍സിപ്പല്‍ റോഡില്‍ എത്തി. വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഡ്രൈവർ പണം ചോദിച്ചു. ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും പണം കൊടുത്ത് പോകാറില്ലെന്നുമായിരുന്നു മറുപടി. എന്നാൽ കാശു വേണമെന്ന് ഓട്ടോ ഡ്രൈവറും നിലപാടെടുത്തു. തര്‍ക്കം മൂത്തതോടെ ഇരുവരും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പോയി. കണ്‍ട്രോള്‍ റൂമില്‍ ഇറങ്ങിയ ഉടനെ, പൊലീസുകാരന്‍ ഡ്രൈവറെ മർദിക്കുകയായിരുന്നു. 

മുഖത്ത് മർദനമേറ്റ് പല്ലിളകിയതിനാല്‍ ഓട്ടോ ഡ്രൈവര്‍ ചികിത്സ തേടി. പിറ്റേന്ന് രാവിലെ നേരെ തൃശൂര്‍ ഈസ്റ്റ് സിഐ കെസി സേതുവിന് പരാതി നല്‍കി. ഡ്രൈവറുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ സിഐ കേസെടുക്കുകയായിരുന്നു. ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരന്‍ അഭിലാഷിനെതിരെയാണ് കേസ്. 

പൊലീസ് സേനയ്ക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. ബസുകളിലും ഓട്ടോറിക്ഷകളിലും പണം നല്‍കാതെ യാത്ര ചെയ്യുന്നവര്‍ സേനയ്ക്കു നാണക്കേടാണെന്നും ഉന്നത ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com