'ചെന്നിത്തല ഗാന്ധിയുടെ വീട്ടില്‍ ഇപ്പോഴും നമ്പൂതിരി കട്ടിലുണ്ടോ?' ; പ്രതിപക്ഷ നേതാവിന് തുറന്ന കത്ത്

അയ്യപ്പന്റെ കാര്യത്തില്‍ ഇത്ര രോക്ഷം ഉള്ള താങ്കള്‍ രണ്ടാഴ്ച കുറെ കന്യാസ്ത്രീകള്‍ സമരത്തില്‍ ഇരുന്നപ്പോള്‍ വാ പൊളിക്കാഞ്ഞതെന്താണ്?
'ചെന്നിത്തല ഗാന്ധിയുടെ വീട്ടില്‍ ഇപ്പോഴും നമ്പൂതിരി കട്ടിലുണ്ടോ?' ; പ്രതിപക്ഷ നേതാവിന് തുറന്ന കത്ത്


കൊച്ചി : ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുക്തിവാദി നേതാവ് രാജഗോപാല്‍ വാകത്താനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. രമേശ് ചെന്നിത്തലയെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്റ്. താങ്കളുടെ വീട്ടില്‍ ഇപ്പോഴും നമ്പൂതിരി കട്ടില്‍ ഉണ്ടോ? എന്ന് അദ്ദേഹം ചെന്നിത്തലയോട് ചോദിക്കുന്നു. 

താങ്കളിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന മഹായുദ്ധത്തിലെ പരാക്രമങ്ങള്‍ കണ്ടിട്ടാണ് താങ്കള്‍ക്ക് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്. രാഷ്ട്രീയ ഉത്തരവാദിത്വങ്ങളും മര്യാദയും കൈവിട്ട് ശബരിമല അയ്യപ്പനെ രക്ഷിക്കാന്‍ രാപ്പകല്‍ അദ്ധ്വാനിക്കുന്ന താങ്കള്‍ ആചാരങ്ങളുടെ സംരക്ഷകന്‍ എന്ന പേരില്‍ ചെന്നിത്തല ഗാന്ധിയായി മാറുമെന്ന് സംശയം വേണ്ട. സുപ്രീംകോടതിയെയും മുട്ടുകുത്തിക്കാനുള്ള കഠിനയത്‌നത്തില്‍ ഒരു പകല്‍ ഉണ്ണാവൃതം എന്നപേരില്‍ അധികഠോര സമരം നടത്തുകയും സ്ത്രീകളുടെ കണ്ണിലുണ്ണിയായി മാറുകയും ചെയ്തത് ദിനപത്ര മുത്തശ്ശിമാര്‍ അഹമഹമികയാ കൊട്ടിഘോഷിക്കുന്നത് കണ്ടതു കൊണ്ടു കൂടിയാണ് ഈയുള്ളവന് ചില സംശയങ്ങള്‍ പെരുത്തതെന്ന് രാജഗോപാല്‍ പറയുന്നു.

താങ്കള്‍ ഇരിക്കുന്ന കസേര ജനാധിപത്യവ്യവസ്ഥയുടേതാണ്. സുപ്രീംകോടതിയെ ചോദ്യം ചെയ്യാനുള്ള അവകാശം ആ കസേരക്കില്ല. രാഷ്ട്രീയക്കാരുടെ ജോലി മതം സംരക്ഷിക്കലല്ല. മതവും രാഷ്ട്രീയവും വേര്‍തിരിയുന്ന മതേതര രാഷ്ട്രമാണ് ഭരണഘടനാപരമായ ജനാധിപത്യം. താങ്കള്‍ കാട്ടുന്ന വിക്രിയകള്‍ ഭരണഘടനാവിരുദ്ധമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്. സ്ത്രീകളെല്ലാവരും ശബരിമലയില്‍ പോകണമെന്നല്ല കോടതി വിധിച്ചത്. ആടിനെ പട്ടിയാക്കുന്ന പണി താങ്കള്‍ക്ക് ചേര്‍ന്നതാണെങ്കിലും ആ സ്ഥാനത്തിന് പറ്റിയതല്ല. അയ്യപ്പന്റെ കാര്യത്തില്‍ ഇത്ര രോക്ഷം ഉള്ള താങ്കള്‍ രണ്ടാഴ്ച കുറെ കന്യാസ്ത്രീകള്‍ സമരത്തില്‍ ഇരുന്നപ്പോള്‍ വാ പൊളിക്കാഞ്ഞതെന്താണ്? ഇത്രയും നാള്‍ അണ്ണാക്കില്‍ പുണ്ണായിരുന്നോ? രാജഗോപാല്‍ വാകത്താനം ചോദിക്കുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ചെന്നിത്തല ഗാന്ധിയുടെ വീട്ടില്‍ ഇപ്പോഴും നമ്പൂതിരി കട്ടിലുണ്ടോ?

രാജഗോപാല്‍ വാകത്താനം
.......................................................

പ്രിയ രമേശ് ചെന്നിത്തലജി,

താങ്കള്‍ക്ക് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്, താങ്കളിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന മഹായുദ്ധത്തിലെ പരാക്രമങ്ങള്‍ കണ്ടിട്ടാണ്. രാഷ്ട്രീയ ഉത്തരവാദിത്വങ്ങളും മര്യാദയും കൈവിട്ട് ശബരിമല അയ്യപ്പനെ രക്ഷിക്കാന്‍ രാപ്പകല്‍ അദ്ധ്വാനിക്കുന്ന താങ്കള്‍ ആചാരങ്ങളുടെ സംരക്ഷകന്‍ എന്ന പേരില്‍ ചെന്നിത്തല ഗാന്ധിയായി മാറുമെന്ന് സംശയം വേണ്ട. സുപ്രീംകോടതിയെയും മുട്ടുകുത്തിക്കാനുള്ള കഠിനയത്‌നത്തില്‍ ഒരു പകല്‍ ഉണ്ണാവൃതം എന്നപേരില്‍ അധികഠോര സമരം നടത്തുകയും സ്ത്രീകളുടെ കണ്ണിലുണ്ണിയായി മാറുകയും ചെയ്തത് ദിനപത്ര മുത്തശ്ശിമാര്‍ അഹമഹമികയാ കൊട്ടിഘോഷിക്കുന്നത് കണ്ടതു കൊണ്ടു കൂടിയാണ് ഈയുള്ളവന് ചില സംശയങ്ങള്‍ പെരുത്തത്. പണ്ഡിതനും പരാക്രമിയുമായ താങ്കള്‍ ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട ഈ സംശയങ്ങള്‍ പരിഹരിക്കും എന്ന് കരുതുന്നു.

1. താങ്കളുടെ വീട്ടില്‍ ഇപ്പോഴും നമ്പൂതിരി കട്ടില്‍ ഉണ്ടോ? കേരളത്തിലെ കൊടികെട്ടിയ ബ്രാഹ്മണ ഹൈന്ദവ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു നമ്പൂതിരി കട്ടില്‍. നമ്പൂതിരിമാര്‍ക്ക് വേണ്ടി നായര്‍ തറവാടുകളില്‍ കരുതിയിരുന്ന നമ്പൂതിരി സന്ധ്യക്ക് ഏതെങ്കിലും നമ്പൂതിരി എത്തിയാല്‍ നായര്‍ തന്റെ പായും കൊണ്ട് പുറത്തിറങ്ങി കിടക്കുന്ന ആര്‍ഷഭാരത സംസ്‌കാരത്തിന് തുടര്‍ച്ച ചെന്നിത്തലയില്‍ ഇപ്പോഴും ഉണ്ടോ? അതോ ആ നല്ലഹൈന്ദവാചാരം ഇല്ലാതായോ?

2. താങ്കളുടെ വല്യമ്മ ബ്ലൗസ് ധരിച്ചിരുന്നുവോ? ധരിക്കാന്‍ വേണ്ടി കേരളത്തില്‍ നടന്ന സമരങ്ങളെ പറ്റി താങ്കള്‍ കേട്ടിട്ടുണ്ടാകും. ആ മഹത് പാരമ്പര്യത്തെ പിന്തുടര്‍ന്ന് താങ്കളുടെ അമ്മയും ഭാര്യയും മകളുമൊക്കെ ബ്ലൗസ് ധരിച്ചാണോ നടക്കുന്നത്.? എന്തിനാണ് ആ നല്ല ആചാരത്തെ ധിക്കരിച്ചത്?

3. നമ്പൂതിരി നായര്‍ തറവാടുകളിലെ മൂത്തയാള്‍ക്ക് മാത്രമായിരുന്നു പുണ്യപുരാണ പാരമ്പര്യപ്രകാരം വേളി (കല്യാണം) അനുവദിച്ചിരുന്നത്. ബാക്കിയുള്ളവര്‍ക്ക് നാടു നീളെ സംബന്ധമായിരുന്നു. താങ്കള്‍ അങ്ങനെ ചെയ്തയാളാണോ? അല്ലെങ്കില്‍ ധിക്കാരിയായ ആചാരലംഘനം നടത്തിയ കൊടും കുറ്റവാളിയാണ് താങ്കള്‍.

4. ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ 'പുളികുടി കല്യാണം' നടത്തിയിരുന്നോ? മകള്‍ക്ക് കുട്ടി പ്രായത്തില്‍ കെട്ടുകല്ല്യാണവും, ഋതുമതിയായപ്പോള്‍ തിരണ്ടു കല്യാണവും നടത്തിയിരുന്നുവോ? ഇത്രയും നല്ല ആചാരങ്ങള്‍ ഒന്നും നടത്താത്ത ആളാണോ അച്ചിമാരെകൂട്ടി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്?

5. ദിവസം നാലഞ്ചു ജോഡി ഡ്രസ്സ് താങ്കള്‍ മാറുമെന്നാണ് അറിഞ്ഞത് താങ്കള്‍ക്ക് മുണ്ടും ഷര്‍ട്ടും ഷഡിയുമൊക്കെയിടാന്‍ ഏത് സ്മൃതിയാണ് അനുമതി തന്നിരിക്കുന്നത്? തിരുവിതാംകൂറിലെ ശൂദ്രന്മാര്‍ നീണ്ട കോണകം ചുറ്റിയുടുക്കുമായിരുന്നു. ആ ആചാരത്തെയാണ് താങ്കള്‍ ദിനംപ്രതി ലംഘിക്കുന്നത്.

6. മന്ത്രിയും പ്രതിപക്ഷനേതാവും ആവുക എന്നതു പോലും ആചാരലംഘനം ആണെന്ന് അറിയാമോ? ശൂദ്രന് പാദസേവയാണ് ഭഗവദ്ഗീത കല്‍പ്പിച്ചിരിക്കുന്നത്. നമ്പൂരിയുടെ വെറ്റിലച്ചെല്ലം ചുമക്കാനും അവര്‍ക്ക് സേവകള്‍ ചെയ്തുകൊടുക്കാനുമാണ് നായരുടെ വിധി. ഇത് താങ്കള്‍ തെറ്റിക്കുന്നത് ഒരര്‍ത്ഥത്തില്‍ ബ്രഹ്മഹത്യാപാപം ആണ്.

7. 'ശൂദ്രനക്ഷരം സംയുക്തം ദൂരതപരിവര്‍ജ്ജയേത്' എന്ന സ്മൃതിവാക്യം ലംഘിച്ചാണ് താങ്കള്‍ മലയാളവും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പഠിച്ചതും പഠിപ്പിച്ചതും. എത്രവലിയ നരകമാണ് താങ്കളെ കാത്തിരിക്കുന്നത് എന്നറിയാമോ? വേദം പഠിക്കുന്നവന്റെ നെഞ്ച് പിളര്‍ക്കണമെന്നാണ് ഹൈന്ദവ വിധി.

8. ഒരു നൂറ്റാണ്ട് മുമ്പ് തിരുവിതാംകൂറിലെ നാടാര്‍ സ്ത്രീകളും ഈഴവ പെണ്ണുങ്ങളും മാറുമറച്ചപ്പോള്‍ ബ്ലൗസുകള്‍ വലിച്ചുകീറി മുലകളില്‍ വെള്ളക്ക തൂക്കി അവരുടെ ക്രൂരമായ ആചാര ലംഘനത്തെ താങ്കളുടെ വല്യച്ഛന്‍ മാര്‍ കടന്നാക്രമിച്ചിരുന്നു. അതിന്റെ നേട്ടമുണ്ടാക്കിയ കുലസ്ത്രീകള്‍ ആണ് ഇപ്പോള്‍ താങ്കളോടൊപ്പം ആചാര ലംഘനത്തിനെതിരെ ശരണം വിളിക്കുന്നത്.

9. ഈഴവ സ്ത്രീകളെ അച്ചിപ്പുടവ ഇട്ട് മൂക്കുത്തി ധരിച്ചതിന് ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന നവോത്ഥാന പോരാളിയെ കായംകുളം കായലില്‍ കുത്തിമലര്‍ത്തിയത് താങ്കള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല.

10. 1914 ല്‍ പുലയ സ്ത്രീകളും പറയ സ്ത്രീകളും കല്ലയും മാലയും അരിഞ്ഞു കളഞ്ഞ് റൗക്ക ധരിച്ചിരുന്ന ഒരു ചരിത്രമുണ്ട്. കേരളത്തില്‍ അതിന് നേതൃത്വം കൊടുത്ത കൊടുത്ത, കടുത്ത ആചാര ലംഘനായ അയ്യങ്കാളിയെ പറ്റി കേട്ടിട്ടുണ്ടോ?

11. അയ്യപ്പനെ രക്ഷിക്കാനിറങ്ങിയ കുലവധുക്കള്‍ 1930 വരെ നാണം മറക്കുകയോ വീടിനു പുറത്തിറങ്ങുന്നതോ അക്ഷരം പഠിക്കുന്നതോ കൊടിയ ആചാരലംഘനമായിരുന്നു. ആ ആചാരങ്ങള്‍ തച്ചുതകര്‍ത്ത് നമ്പൂതിരിസ്ത്രീകളെ പുറത്തുകൊണ്ടുവന്ന വി.ടി ഭട്ടത്തിരിപ്പാടിനെക്കുറിച്ച് താങ്കള്‍ കേട്ടിട്ടുണ്ടോ?

12. താങ്കളുടെ പുറകില്‍ നില്‍ക്കുന്ന കൊടിക്കുന്നില്‍ സുരേഷ് എന്ന പട്ടികജാതിക്കാരന്‍, എം.പി യായത് സംവരണത്തിലൂടെയാണ്. അന്നും ഇന്നും എന്നും സംവരണത്തെ എതിര്‍ക്കുന്ന പാരമ്പര്യ വാദികള്‍ക്ക് വേണ്ടിയാണോ അദ്ദേഹം ആചാരവെടി മുഴക്കുന്നത്?

13. താങ്കള്‍ കോണ്‍ഗ്രസിന്റെ വിലാസത്തില്‍ ആണല്ലോ വിലസുന്നത്?ടി കെ മാധവന്‍ എന്നൊരു പഴയ കോണ്‍ഗ്രസുകാരന്‍ വൈക്കത്ത് തുടങ്ങിവെച്ച സത്യാഗ്രഹം ആചാരങ്ങള്‍ക്കെതിരെ ആയിരുന്നു എന്ന് അറിയാമോ? ഗാന്ധിജി എന്നൊരാള്‍ അന്ന് സമരത്തിന് വന്നിരുന്നു. ഇണ്ടന്‍ തുരുത്തി മനയിലെ നമ്പൂതിരി ഗാന്ധിയെ തൊഴുത്തിലെ തറയിലിരുത്തി 'ഹൈന്ദവ ധര്‍മം' പറഞ്ഞുകൊടുത്തതെന്താണെന്നറിയാമോ? വേദ വിരുദ്ധമായ ആവശ്യമാണ് ഗാന്ധി ആവശ്യപ്പെടുന്നതെന്ന്. എന്നിട്ടും ആ ഇണ്ടംതുരുത്തി മന ഇന്ന് എവിടെയാണ്?

14. മന്നത്തു പത്മനാഭന്‍ എന്നൊരാളെ പറ്റി താങ്കള്‍ കേട്ടിട്ടുണ്ടാവും. പക്ഷേ ഇദ്ദേഹം ചെയ്ത ചില കാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല. നമ്പൂതിരിയായിരുന്നു ഇദ്ദേഹവും. ഞങ്ങളുടെ നാട്ടുകാരനായിരുന്നു ഈശ്വരന്‍ നമ്പൂതിരി. മന്നത്ത് പദ്മനാഭപിള്ള വാല് മുറിച്ചു എങ്കിലും ചടട സ്ഥാപിക്കാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ഒരു അമ്പലവും സ്ഥാപിച്ചില്ല. ഒരു ദേവനെ പ്രതിഷ്ഠിച്ച് പകരം നായന്മാരുടെ തലയില്‍ വെളിച്ചം സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ചു. ഒരു വലിയ പ്രസ്ഥാനത്തിനുവേണ്ടി ദുരിതമനുഭവിച്ചു. സകല മാമൂലുകളെയും ലംഘിച്ച് മന്നം 1916 ല്‍ ദിവാന്‍ കൃഷ്ണന്‍ നായര്‍ ഇറക്കിയ 'പുലസര്‍ക്കുലര്‍ ' ലംഘിച്ച ഒരു ചരിത്രമുണ്ട്. നമ്പൂതിരിയുടെ ബന്ധുക്കള്‍ മരിച്ചാല്‍ 10 ദിവസം പുല ആയിരുന്നത് നായര്‍ക്ക് 15 ദിവസമാക്കിയായിരുന്നു ഉത്തരവ്. (അങ്ങിനെയാണ് 16 അടിയന്തര ചടങ്ങ് ഉണ്ടായത്, അല്ലാതെ ദൈവം ഉണ്ടാക്കിയതല്ല ). അതിനെതിരെ പെരിയ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പതിമൂന്നാം പുലദിനത്തില്‍ കയറി തൊഴുത് നമ്പൂരിമാര്‍ കോലാഹലമുണ്ടാക്കി. ശ്രീ മൂലം തിരുനാള്‍ ഉത്തരവിറക്കി മന്നത്തിനെ വിചാരണ ചെയ്തു. ഈ മനുഷ്യന്റെ കൊച്ചുമകളാണ് ഇപ്പോള്‍ അയ്യപ്പന്റെ ആചാരത്തിന് തെരുവിനെ തെറിമയം ആക്കുന്നത്.

15. താങ്കളുടെ വീട്ടില്‍ മക്കത്തായമോ? മരുമക്കത്തായമോ? നായര്‍ക്ക് വീട്ടു സ്വത്തിന് അവകാശമില്ലാതിരുന്ന ആചാരത്തെ ലംഘിച്ച് 1925ല്‍ മക്കത്തായ ബില്‍ നടപ്പാക്കാന്‍ രംഗത്തിറങ്ങിയത് സാഹിത്യ പഞ്ചാനന്‍ പി കെ നാരായണപിള്ളയും രാജരാജവര്‍മയും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയായിരുന്നു എന്നറിയുമോ?

താങ്കള്‍ ചരിത്രം പഠിക്കണം. മനോരമ മാത്രം വായിച്ചാല്‍ പോര. താങ്കള്‍ ഇരിക്കുന്ന കസേര ജനാധിപത്യവ്യവസ്ഥയുടേതാണ്. സുപ്രീംകോടതിയെ ചോദ്യം ചെയ്യാനുള്ള അവകാശം ആ കസേരക്കില്ല. രാഷ്ട്രീയക്കാരുടെ ജോലി മതം സംരക്ഷിക്കലല്ല. മതവും രാഷ്ട്രീയവും വേര്‍തിരിയുന്ന മതേതര രാഷ്ട്രമാണ് ഭരണഘടനാപരമായ ജനാധിപത്യം. താങ്കള്‍ കാട്ടുന്ന വിക്രിയകള്‍ ഭരണഘടനാവിരുദ്ധമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്. സ്ത്രീകളെല്ലാവരും ശബരിമലയില്‍ പോകണമെന്നല്ല കോടതി വിധിച്ചത്. ആടിനെ പട്ടിയാക്കുന്ന പണി താങ്കള്‍ക്ക് ചേര്‍ന്നതാണെങ്കിലും ആസ്ഥാനത്തിന് പറ്റിയതല്ല.
പിന്നെ ഒരു വിമോചനസമരം നടത്തി കളയാം എന്ന വ്യാമോഹം ഉണ്ടെങ്കില്‍ അത് മനസ്സില്‍ വെച്ചാല്‍ മതി. ഇനി അത് കേരളത്തില്‍ നടക്കില്ല. അയ്യപ്പന്റെ കാര്യത്തില്‍ ഇത്ര രോക്ഷം ഉള്ള താങ്കള്‍ രണ്ടാഴ്ച കുറെ കന്യാസ്ത്രീകള്‍ സമരത്തില്‍ ഇരുന്നപ്പോള്‍ വാ പൊളിക്കാഞ്ഞതെന്താണ്? ഇത്രയുംനാള്‍ അണ്ണാക്കില്‍ പുണ്ണായിരുന്നോ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com