തുലാമാസ പൂജയ്ക്ക് സന്നിധാനത്ത് വനിതാ പൊലീസ് ഉണ്ടാകില്ല ? ; പ്രകോപനം സൃഷ്ടിക്കേണ്ടെന്ന് ഉന്നത പൊലീസ് യോ​ഗത്തിൽ തീരുമാനം

ശക്തമായ പ്രതിഷേധമുള്ളതിനാല്‍ സ്ത്രീകൾ അധികം ശബരിമലക്ക് എത്തില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ
തുലാമാസ പൂജയ്ക്ക് സന്നിധാനത്ത് വനിതാ പൊലീസ് ഉണ്ടാകില്ല ? ; പ്രകോപനം സൃഷ്ടിക്കേണ്ടെന്ന് ഉന്നത പൊലീസ് യോ​ഗത്തിൽ തീരുമാനം

തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ വനിത പൊലീസിനെ സന്നിധാനത്ത് വിന്യസിക്കേണ്ടതില്ലെന്ന്  ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം.  15ന് വനിത പൊലീസ് സന്നിധാനത്ത് എത്തുന്ന തരത്തിലായിരുന്നു ഒരുക്കങ്ങൾ. എന്നാൽ ശക്തമായ പ്രതിഷേധമുള്ളതിനാല്‍ സ്ത്രീകൾ അധികം ശബരിമലക്ക് എത്തില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സന്നിധാനത്ത് സാധാരണ രീതിയിലുള്ള ക്രമീകരണങ്ങൾ മാത്രം മതി. പമ്പയിൽ കൂടുതല്‍ വനിത പൊലീസുകാരെ വിന്യസിക്കും. 

കൂടുതല്‍ സ്ത്രീകൾ എത്തിയാൽ മാത്രം വനിത പൊലീസ് സന്നിധാനത്തേക്ക് പോയാൽ മതിയെന്നാണ് തീരുമാനം. സ്ത്രീ തീർത്ഥാടകർ എത്തും മുമ്പ് വനിത പൊലീസ് സന്നിധാനത്തെത്തി പ്രകോപനം സൃഷ്ടിക്കെണ്ടന്ന ആലോചനയും പുനപരിശോധനക്ക് പിന്നിലുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ബോര്‍ഡുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനമെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ശബരിമലയില്‍ ആവശ്യത്തിന് വനിതാ പൊലീസുകാരെ നിയമിക്കുമെന്ന് സര്‍ക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിജിപിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നത്.  
നേരത്തെ ശബരിമലയില്‍ സ്ത്രീ പ്രവേശന നടപടികളുമായി ദേവസ്വം ബോർഡ്‌ മുന്നോട്ട് പോയിരുന്നു. വനിതാ ജീവനക്കാരെ നിയമിക്കണമെന്ന സര്‍ക്കുലറടക്കം ദേവസ്വം ബോര്‍ഡ് പുറത്തിറക്കുകയും ചെയ്തു. മണ്ഡല- മകരവിളക്ക് കാലത്ത് വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് ദേവസ്വം കമ്മീഷണറാണ് സര്‍ക്കുലര്‍ ഇറക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com