കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി കേരളത്തിൽ ബിജെപിക്ക് വലിയ സാധ്യതയാണ് നൽകിയതെന്ന് എഴുത്തുകാരി സാറാ ജോസഫ്. വിധിക്കുശേഷം ഹിന്ദുസമൂഹത്തിൽ വലിയൊരു ഐക്യപ്പെടലാണ് നടക്കുന്നത്. വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഈ നീക്കം ഭയത്തോടുകൂടി കാണേണ്ടതുണ്ടെന്നും സാറ ജോസഫ് പറഞ്ഞു. കൊച്ചിയിൽ കന്യാസ്ത്രീ സമരത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
ശബരിമല വിഷയത്തിലെ കോടതി വിധി തീവ്രമുസ്ലിം വിഭാഗക്കാർക്കും വളക്കൂറുള്ള മണ്ണാണ് ഒരുക്കിയത്. ഇടതുപക്ഷം ഇപ്പോൾ യുക്തിവാദികളുമല്ല, വിശ്വാസികളുമല്ല. എന്താണെന്ന് അവർക്കുതന്നെ അറിയില്ല. എല്ലാത്തിനും അഴകൊഴമ്പൻ നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.
കന്യാസ്ത്രീസമരത്തിൽ പൊതുസമൂഹം സ്ത്രീക്ക് അനുകൂലമായാണ് നിലകൊണ്ടത്. എന്നാൽ ശബരിമല വിഷയത്തിൽ പൊതുസമൂഹം സ്ത്രീവിരുദ്ധമായാണ് ഒരുമിച്ചുകൂടുന്നത്. മതങ്ങൾക്കകത്ത് അന്ധവിശ്വാസം കൊണ്ടുനടക്കുന്ന ആളുകളുടെ മുന്നേറ്റമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും സാറ ജോസഫ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ