യുഡിഎഫ് നേതൃയോഗം ഇന്ന്; ശബരിമലയും ബ്രൂവറിയും ചര്‍ച്ചയാകും, പ്രക്ഷോഭത്തിനുളള തയ്യാറെടുപ്പ് മുഖ്യ അജന്‍ണ്ട 

യുഡിഎഫ് നേതൃയോഗം ഇന്ന് രാവിലെ ഒന്‍പതിനു കന്റോണ്‍മെന്റ് ഹൗസില്‍ ചേരും
യുഡിഎഫ് നേതൃയോഗം ഇന്ന്; ശബരിമലയും ബ്രൂവറിയും ചര്‍ച്ചയാകും, പ്രക്ഷോഭത്തിനുളള തയ്യാറെടുപ്പ് മുഖ്യ അജന്‍ണ്ട 

തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ഇന്ന് രാവിലെ ഒന്‍പതിനു കന്റോണ്‍മെന്റ് ഹൗസില്‍ ചേരും.ശബരിമല സ്ത്രീപ്രവേശനം, ബ്രൂവറി എന്നി വിഷയങ്ങളില്‍ ശക്തമായ പ്രക്ഷോഭത്തിനു തയ്യാറെടുക്കുന്നതിന് മുന്നോടിയായാണ് അടിയന്തര യോഗം ചേരുന്നത്. രാവിലെ ചേരുന്ന യോഗത്തില്‍ എല്ലാ പ്രതിനിധികളും എത്തിച്ചേരണമെന്ന് ഘടകകക്ഷികള്‍ക്ക് യുഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കി. ഉച്ചയ്ക്കു മൂന്നിന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഈ വിഷയങ്ങള്‍ക്കൊപ്പം പാര്‍ട്ടി പുന:സംഘടനയെക്കുറിച്ചും ആലോചിക്കും. റഫാല്‍ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കെപിസിസി 10.30 ന് നടത്തുന്ന രാജ്ഭവന്‍ ധര്‍ണയ്ക്കു ശേഷം നേതാക്കള്‍ നിവേദനം നല്‍കാനായി ഗവര്‍ണറെ കാണുന്നുണ്ട്.

ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനു തുടക്കം കുറിച്ച് പത്തനംതിട്ടയില്‍ ഉപവാസ സമരം നടത്തിയ കോണ്‍ഗ്രസ്, ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ കേരളമാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമം തുടങ്ങി. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളെ രംഗത്തിറക്കി ഈ അവസരത്തെ രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമരത്തിനു യുഡിഎഫ് നേതൃത്വം നല്‍കുന്നത്.

ബ്രൂവറി അനുവദിച്ചതിലെ വഴിവിട്ട നീക്കങ്ങളുടെ തെളിവുകള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഓരോ ദിവസവും പുറത്തുവരുന്ന സാഹചര്യത്തില്‍, പ്രത്യക്ഷസമരം കൂടുതല്‍ ശക്തമാക്കണമെന്നാണ് യുഡിഎഫ് നേതൃതലത്തിലെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com