വയനാട് മദ്യദുരന്തത്തില്‍ നിര്‍ണായക വഴിത്തിരിവ് ; കൊലപാതകം ആളുമാറി, മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയ ആള്‍ അറസ്റ്റില്‍ 

സംഭവം ആളുമാറിയുള്ള കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി
വയനാട് മദ്യദുരന്തത്തില്‍ നിര്‍ണായക വഴിത്തിരിവ് ; കൊലപാതകം ആളുമാറി, മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയ ആള്‍ അറസ്റ്റില്‍ 

വയനാട് :  വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ചതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവം ആളുമാറിയുള്ള കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. മദ്യത്തില്‍ വിഷം കലര്‍ത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് എന്നയാളാണ് പിടിയിലായത്. സുഹൃത്ത് സജിത് കുമാറിനെ കൊലപ്പെടുത്താനായിരുന്നു സന്തോഷ് മദ്യത്തില്‍ വിഷം കലര്‍ത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കളും 65 കാരനും മരിച്ചത്. വെള്ളമുണ്ട കൊച്ചറ കോളനിയിലെ തിഗിനായി, മകന്‍ പ്രമോദ്(36), ബന്ധു പ്രസാദ് (38) എന്നിവരാണ് മദ്യം കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത. കുട്ടികള്‍ക്ക് ചരട് മന്ത്രിച്ച് കെട്ടിക്കൊടുക്കുന്ന ആളാണ് തിഗിനായി. അതിനായി എത്തിയ സജിത് കുമാര്‍ മദ്യത്തില്‍ വിഷം കലര്‍ത്തിയത് അറിയാതെ, തനിക്ക് ലഭിച്ച മദ്യം തിഗിനായിക്ക് സമ്മാനിക്കുകയായിരുന്നു. മദ്യം കഴിച്ച തിഗിനായി കുഴഞ്ഞ് വീണ് മരിച്ചു. 

തിഗിനായിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മകന്‍ പ്രമോദും ബന്ധു പ്രസാദും രാത്രി അവശേഷിച്ച മദ്യം കഴിച്ചു. ഇതേത്തുടര്‍ന്ന് കുഴഞ്ഞുവീണ ഇരുവരെയും മാനന്തവാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ മാനന്തവാടി സ്വദേശിയായ സന്തോഷ് സ്വര്‍ണ പണിക്കാരനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com