ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ കയറിയിരുന്നതായി കുമ്മനം തന്ത്രിക്കു നല്‍കിയ കത്തിലുണ്ട്: മുഖ്യമന്ത്രി

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ കയറിയിരുന്നതായി കുമ്മനം തന്ത്രിക്കു നല്‍കിയ കത്തിലുണ്ട്: മുഖ്യമന്ത്രി
ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ കയറിയിരുന്നതായി കുമ്മനം തന്ത്രിക്കു നല്‍കിയ കത്തിലുണ്ട്: മുഖ്യമന്ത്രി


തിരുവനന്തപുരം: ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ കയറിയിരുന്നതായി ഒട്ടേറെ തെളിവുകള്‍ ഹൈക്കോടതിയിലെ കേസിന്റെ ഭാഗമായി പുറത്തുവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി വിധിന്യായത്തില്‍ ഇവയെല്ലാം എടുത്തുചേര്‍ത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ കയറിയിരുന്നതായി ഹിന്ദു മുന്നണി നേതാവായിരുന്ന കുമ്മനം രാജശേഖരന്‍ തന്ത്രിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു തന്ത്രി നല്‍കിയ മറുപടി 1991ല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ദേവസ്വം കമ്മിഷണര്‍ ആയിരുന്ന ചന്ദ്രികയുടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ശബരിമലയില്‍ എത്തിയത് ഹൈക്കോടതിയിലെ കേസിനിടെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോര്‍ഡും ചീഫ് സെക്രട്ടറിയും നല്‍കിയ സത്യവാങ്മൂലങ്ങളില്‍ സ്ത്രീ പ്രവേശനത്തിന്റെ വിവരങ്ങളുണ്ട്. മാസപൂജയ്ക്ക് പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ വന്നിരുന്നു. ഹൈക്കോടതി വിധിയില്‍ ഇക്കാര്യങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതിന് അറുതി വരുത്തുകയാണ് 1991 ഏപ്രില്‍ അഞ്ചിനുള്ള വിധിയില്‍ കേരള ഹൈക്കോടതി ചെയ്തത്. അതു മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടിട്ടില്ല. പിന്നീട് 2006ല്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയാണ് സുപ്രിം കോടതിയെ സമീപിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

ശബരിമലയില്‍ എന്നല്ല ഒരിടത്തും സ്ത്രീകള്‍ക്കു വിവേചനം പാടില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ആചാരവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഹിന്ദു ധര്‍മശാസ്ത്രത്തില്‍ ആധികാരിക ജ്ഞാനമുള്ളവരുടെ സമിതി രൂപീകരിച്ച് ഇക്കാര്യം പരിശോധിക്കാന്‍ ചുമതലപ്പെടുത്തണം എന്ന അപേക്ഷ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുരക്ഷാ പ്രശ്‌നമുള്ളതുകൊണ്ട് സ്ത്രീകള്‍ക്കായി പ്രത്യേക തീര്‍ഥാടനക്കാലം എന്ന നിര്‍ദേശവും മുന്നോട്ടുവച്ചിരുന്നു. കോടതി വിധി എന്തായാലും സര്‍ക്കാര്‍ അതു നടപ്പാക്കും എന്ന് സത്യവാങ്മൂലത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പിന്നെ എങ്ങനെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

ശബരിമല സ്ത്രീ പ്രവേശനത്തില്‍ കോടതി ഇടപെടലിനു വഴിവച്ചത് സര്‍ക്കാരിന്റെ ഏതെങ്കിലും തീരുമാനമായിരുന്നില്ല. സര്‍ക്കാര്‍ ഉത്തരവോ നിയമനിര്‍മാണമോ ആയിരുന്നില്ല 1991ലെ ഹൈക്കോടതി വിധിയിക്കും ഇപ്പോഴത്തെ സുപ്രിം കോടതി വിധിക്കും വഴിവച്ചത്. 1990ല്‍ എസ് മഹേന്ദ്രന്‍ എന്നയാള്‍ ഹൈക്കോടതി ജഡ്ജിക്ക് എഴുതിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് വിധി പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com