സാലറി ചലഞ്ചില്‍ ജീവനക്കാരുടെ അമര്‍ഷം; സര്‍ക്കാര്‍ ഓഫീസുകളില്‍ തല്‍ക്കാലം പഞ്ചിങ് ഇല്ല

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാനുള്ള തീരുമാനം മരവിപ്പിച്ചു
സാലറി ചലഞ്ചില്‍ ജീവനക്കാരുടെ അമര്‍ഷം; സര്‍ക്കാര്‍ ഓഫീസുകളില്‍ തല്‍ക്കാലം പഞ്ചിങ് ഇല്ല

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. പഞ്ചിങ് മെഷീനുകള്‍ സ്ഥാപിക്കുന്ന ജോലി നിര്‍ത്തിവയ്ക്കാന്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ കെല്‍ട്രോണിനോട് ആവശ്യപ്പെട്ടു. പ്രളയാനന്തര സാമ്പത്തിക പ്രതിസന്ധി മൂലമാണു പദ്ധതി തല്‍ക്കാലം നിര്‍ത്തുന്നതെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സാലറി ചലഞ്ച് ഉള്‍പ്പെടെ വിഷയങ്ങളില്‍ ജീവനക്കാര്‍ക്കുണ്ടായ അമര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും സൂചനയുണ്ട്. 

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കൃത്യമായ സേവനം ഉറപ്പാക്കാന്‍ ബയോ മെട്രിക് പഞ്ചിങ് കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മേയ് 19 ന് ഉത്തരവിറക്കിയത്. ഗവ.ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബര്‍ 31 ന് അകവും തദ്ദേശഭരണ സ്ഥാപനങ്ങള്‍, കമ്മിഷനുകള്‍, സര്‍ക്കാരിന്റെ ധനസഹായം വാങ്ങുന്ന ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 31ന് അകവും പഞ്ചിങ് മെഷീന്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി മെഷീനെ ബന്ധപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. പഞ്ചിങ് മെഷീനു വേണ്ടി സംസ്ഥാനത്തെ പകുതിയോളം ഓഫിസുകളില്‍ നിന്നായി ഒന്‍പതു കോടിയുടെ ഓര്‍ഡര്‍ കെല്‍ട്രോണിനു ലഭിച്ചിരുന്നു. 

പ്രളയാനന്തര സാമ്പത്തിക പ്രതിസന്ധി മൂലമാണു പദ്ധതി തല്‍ക്കാലം നിര്‍ത്തുന്നതെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സാലറി ചാലഞ്ച് ഉള്‍പ്പെടെ വിഷയങ്ങളില്‍ ജീവനക്കാര്‍ക്കുണ്ടായ അമര്‍ഷം പഞ്ചിങ് നടപ്പാക്കി ആളിക്കത്തിക്കേണ്ട എന്ന വികാരമാണു തീരുമാനത്തിനു പിന്നിലെന്ന് അറിയുന്നു. അതേസമയം  സെക്രട്ടേറിയറ്റിലെ പഞ്ചിങ് തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com