പൂഞ്ഞാറിലൂടെ ഒരു യുവതിയും ശബരിമല കയറില്ല; ആര്‍ക്കും കുതിര കയറാനുള്ളതല്ല അയ്യപ്പനെന്നും പിസി ജോര്‍ജ്ജ്

പൂഞ്ഞാറിലൂടെ ഒരു യുവതിയും ശബരിമല കയറില്ല - ആര്‍ക്കും കുതിര കയറാനുള്ളതല്ല അയ്യപ്പനെന്നും പിസി ജോര്‍ജ്ജ്
പൂഞ്ഞാറിലൂടെ ഒരു യുവതിയും ശബരിമല കയറില്ല; ആര്‍ക്കും കുതിര കയറാനുള്ളതല്ല അയ്യപ്പനെന്നും പിസി ജോര്‍ജ്ജ്

എരുമേലി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകുമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. പൂഞ്ഞാര്‍ മണ്ഡലത്തിലൂടെ ഒരു യുവതിയെയും ശബരിമലയിലേക്കു പോകാന്‍ അനുവദിക്കില്ല. പൊലീസ് ഇടപെട്ടാല്‍ വിശ്വാസം സംരക്ഷിക്കാനെത്തുന്നവര്‍ക്കൊപ്പം ചേര്‍ന്ന് എന്തുവില കൊടുത്തും യുവതികളെ തടയുമെന്നും ജോര്‍ജ് പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാവകാശം തേടണം. ആര്‍ക്കും ഏതവസരത്തിലും കുതിര കയറാനുള്ളതല്ല നാട്ടിലെ ഭൂരിപക്ഷ സമൂഹമായ ഹൈന്ദവരുടെ വിശ്വാസാചാരങ്ങള്‍. എന്തും സഹിക്കുന്നവരാണു ഹിന്ദു ഭക്തരെന്ന ധാരണയില്‍നിന്നാണ് അയ്യപ്പ ചൈതന്യത്തിനു നേര്‍ക്കും വെല്ലുവിളി ഉയരുന്നത്. ഇതനുവദിക്കാനാവില്ല. കേരളത്തിന്റെ പുനര്‍നിര്‍മിതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍, വലിയ സമരങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കണം. ഹൈന്ദവ ഭക്തര്‍ക്കു മുകളില്‍ കൊടി കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ അംഗീകരിക്കാനാവില്ലെന്നും ജോര്‍ജ് പറഞ്ഞു.

ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള പ്രതിഷ്ഠാമാഹാത്മ്യത്തെ നിരാകരിക്കുന്ന വിധിയാണു സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്നു പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ പറഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇതര ക്ഷേത്രത്തിലേതിനേക്കാള്‍ വ്യത്യസ്തമാണ്. മകന്റെ നിഷ്ഠകള്‍ സംരക്ഷിക്കാന്‍ ശരണനാമങ്ങളുമായി തെരുവിലിറങ്ങേണ്ട സ്ഥിതിയാണ് അയ്യപ്പന്‍ വളര്‍ന്ന പന്തളം കൊട്ടാരത്തിലെ പിന്‍മുറക്കാര്‍ക്കുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com