കേരള ബാങ്കിനോട് സഹകരിക്കില്ലെന്ന് കെപിഎ മജീദ്; പ്രതിസന്ധിക്ക് അയവില്ല

രൂപീകരണത്തെ അംഗീകരിച്ചുകൊണ്ട് ഭൂരിപക്ഷമുള്ള അഞ്ച് ജില്ലാ സഹകരണ ബാങ്കുകള്‍ പ്രമേയം പാസാക്കില്ലെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി
കേരള ബാങ്കിനോട് സഹകരിക്കില്ലെന്ന് കെപിഎ മജീദ്; പ്രതിസന്ധിക്ക് അയവില്ല

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തെ എതിർത്ത് യു‍ഡിഎഫ്. സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കമാണ് ഇപ്പോൾ യുഡിഎഫ് നിലപാടിനെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. രൂപീകരണത്തെ അംഗീകരിച്ചുകൊണ്ട് ഭൂരിപക്ഷമുള്ള അഞ്ച് ജില്ലാ സഹകരണ ബാങ്കുകള്‍ പ്രമേയം പാസാക്കില്ലെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

യു.ഡി.എഫിന്റെ എതിര്‍പ്പു വന്നാല്‍ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലാകും. സഹകരണ ബാങ്കുകള്‍ കെഎസ്ആര്‍ടിസിക്ക് പണം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി. റിസർവ് ബാങ്ക് വ്യവസ്ഥയനുസരിച്ച് എല്ലാ ജില്ലാ ബാങ്കുകളും ജനറൽ ബോഡി വിളിച്ച് പ്രമേയം പാസാക്കിയാലേ കേരള ബാങ്ക് രൂപീകരണം നടപ്പാക്കാനാവു. സംസ്ഥാനത്തെ അഞ്ച് ജില്ല സഹകരണ ബാങ്കുകളില്‍ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ആ ജില്ല ബാങ്കുകളൊന്നും കേരള ബാങ്കിന്റെ ഭാഗമാവാന്‍ ഉദ്ദേശിക്കുന്നില്ല. ഈ സഹചര്യത്തില്‍ കേരള ബാങ്ക് രൂപീകരണം പ്രായോഗികമാകില്ല. പ്രളയാനന്തര ദുരിതാശ്വാസത്തിലും സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണത്തിലും സഹകരിച്ച സഹകരണ ബാങ്കുകളോട് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാവില്ല.

കെഎസ്ആര്‍ടിസിക്ക് പണം കൈമാറാന്‍ സഹകരണ ജോയിന്റ് റജിസ്ട്രാര്‍ ബാങ്കുകള്‍ക്ക് മേല്‍ കടുത്ത സമ്മര്‍‍ദമാണ് ചെലുത്തുന്നത്. കെഎസ്ആര്‍ടിസിക്ക് പണം നല്‍കിയാൽ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ധനമന്ത്രിക്ക് പോലുമില്ല. ജനങ്ങള്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത് ബാങ്കുകളുടെ നിലനില്‍പ്പിനെപ്പോലും ബാധിക്കും.

കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടുപോകുന്നതിന് റിസർ‌വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിൽ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണു വ്യക്തമാക്കിയത്. മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകൾ പാലിച്ച് 2019 മാർച്ച് 31ന് മുൻപായി ലയന നടപടികൾ പൂർത്തിയാക്കണമെന്നാണ് നിബന്ധന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com