ഗതാഗതം സ്തംഭിപ്പിച്ച് പ്രതിഷേധക്കാര്‍; ശബരിമല സമരം തെരുവില്‍, സംസ്ഥാനമൊട്ടുക്ക് റോഡ് ഉപരോധം 

ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ചാണ് റോഡ് ഉപരോധം പുരോഗമിക്കുന്നത്
ഗതാഗതം സ്തംഭിപ്പിച്ച് പ്രതിഷേധക്കാര്‍; ശബരിമല സമരം തെരുവില്‍, സംസ്ഥാനമൊട്ടുക്ക് റോഡ് ഉപരോധം 

കൊച്ചി : ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധം. 
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ചാണ് റോഡ് ഉപരോധം പുരോഗമിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉപരോധസമരത്തില്‍ പ്രധാനനഗരങ്ങളില്‍ അടക്കം വാഹനഗതാഗതം സതംഭിച്ചു. എന്‍.ഡി.എ സംസ്ഥാന ചെയര്‍മാന്‍ അഡ്വ: പി.എസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇന്നു പന്തളത്തുനിന്ന് ആരംഭിക്കുന്ന ലോങ് മാര്‍ച്ചും ഏതാനും മിനിറ്റുകള്‍ക്കുളളില്‍ ആരംഭിക്കും. 

അയ്യപ്പമന്ത്രങ്ങള്‍ ഉരുവിട്ടാണ് റോഡുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച പ്രതിഷേധസമരത്തില്‍ നിരവധി ആളുകളാണ് പങ്കെടുക്കുന്നത്. കൊച്ചിയില്‍ വൈറ്റിലയില്‍ സംഘടിപ്പിച്ച ഉപരോധസമരത്തില്‍ വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ആംബുലന്‍സ് പോലുളള അടിയന്തര വാഹനങ്ങളെ മാത്രമാണ് കടത്തിവിടുന്നത്. മറ്റുളള വാഹനങ്ങള്‍ കടത്തിവിടേണ്ടതില്ല എന്ന നിലപാടാണ് പ്രതിഷേക്കാര്‍ക്ക്. പ്രതിഷേധക്കാര്‍ റോഡില്‍ കിടന്നും പ്രതിഷേധിക്കുകയാണ്. സമാനമായി പന്തളം, തൃശൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലും പ്രതിഷേധസമരം പുരോഗമിക്കുകയാണ്. 

ആലുവയില്‍ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. വാഹനയാത്രക്കാരന്‍ ഫെയ്‌സ്ബുക്ക് ലൈവ് ചെയ്യാനുളള ശ്രമം പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചത് ഉന്തിലും തളളിലും കലാശിച്ചു. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി.

മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതേസമയം ഉപരോധം നടക്കുന്നുണ്ട്. 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുമെന്നായിരുന്നു ശബരിമല കര്‍മസമിതിയുടെ ആഹ്വാനം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിച്ചിട്ടുണ്ട്. 

താലൂക്കുകള്‍ കേന്ദ്രീകരിച്ച് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം നടത്താനാണു കൊച്ചിയില്‍ ചേര്‍ന്ന ഹൈന്ദവസംഘടനകളുടെ യോഗം കഴിഞ്ഞദിവസം തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com