പുഴയില്‍ മാലിന്യം എറിയുന്നത് ക്രിമിനല്‍ കുറ്റമാക്കും, നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു

പുഴയില്‍ മാലിന്യം എറിയുന്നത് ക്രിമിനല്‍ കുറ്റമാക്കും, നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു
പുഴയില്‍ മാലിന്യം എറിയുന്നത് ക്രിമിനല്‍ കുറ്റമാക്കും, നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു

ആലപ്പുഴ: ജലസ്രോതസുകള്‍ മലിനമാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ജലവിഭവമന്ത്രി മാത്യു ടി.തോമസ്. ആലപ്പുഴയിലെ പ്രധാന കനാലുകള്‍ നവീകരിക്കുന്നതിന് 108 കോടി രൂപയുടെ പ്രവൃത്തികള്‍ നടക്കുകയാണ്. ഇതിനുപുറമേ 14 ഇടത്തോടുകളുടെ ആഴം കൂട്ടുന്ന പണിയും നടത്തും. ആലപ്പുഴ നഗരസഭയിലെ മുതലപ്പൊഴി നവീകരണത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
    
മാലിന്യസംസ്‌കരണരംഗത്ത് സംസ്ഥാനത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ആലപ്പുഴ കാഴ്ചവയ്ക്കുന്നത്. അതോടൊപ്പം ജലസ്രോതസുകളുടെ സംരക്ഷണത്തിനും ജില്ല കൃത്യമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. വരട്ടാര്‍ പുഴ നവീകരണം സംസ്ഥാനത്താകെ തന്നെ ഈ ദിശയില്‍ പ്രവര്‍ത്തനത്തിന് വലിയ പ്രചോദനമാണ് നല്‍കിയത്. തിരുവനന്തപുരത്തെ മാലിന്യ കൂമ്പാരമായിരുന്ന പാര്‍വതീപുത്തനാറിന്റെ നവീകരണത്തിന് വരട്ടാര്‍ പുനരുജ്ജീവനമാണ് മാതൃകയായത്-അദ്ദേഹം പറഞ്ഞു.
    
ചെറുപ്പകാലത്ത് നമ്മള്‍ അനുഭവിച്ച സൗഭാഗ്യവും സന്തോഷവും നമ്മുടെ മക്കള്‍ക്ക് നിഷേധിക്കരുതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. അവര്‍ പുഴയിലും പറമ്പിലും കളിച്ചും മീന്‍ പിടിച്ചും വളരട്ടെ. കനാലുകളുടെ നവീകരണത്തിന്റെ മുഖ്യലക്ഷ്യം ഇതാണെന്ന് അദ്ദേഹം പറഞ്ഞു. 
    
പൊഴിയിലേക്കു മാലിന്യം വലിച്ചെറിയുന്ന നമ്മുടെ ശീലങ്ങളില്‍ മാറ്റം വരുത്തണം. ഇനിയങ്ങനെയുണ്ടാകില്ലെന്ന് ഓരോരുത്തരും തീരുമാനിക്കണം. കനാലുകളുടെയും ഉപകനാലുകളുടേയും നവീകരണം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബണ്ടുകെട്ടിയടച്ച് ചെളിനീക്കം ചെയ്തായിരിക്കും. ഇതോടൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ ബണ്ടുകളുടെ ബലപ്പെടുത്തലും ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു. 
    
നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനിയര്‍ ഫിലിപ്പ് മത്തായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണന്‍, കൗണ്‍സിലര്‍മാരായ ബേബി ലൂയീസ്, പ്രദീപ്കുമാര്‍, ജോസ് ചെല്ലപ്പന്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.പി.ഹരന്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com