ശബരിമല: എന്‍ഡിഎ കാല്‍നടയാത്ര ഇന്ന് മുതല്‍, പന്തളത്ത് നിന്ന് ആരംഭിക്കുന്ന ലോങ്മാര്‍ച്ച് തിരുവന്തപുരത്ത് സമാപിക്കും

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) നേതൃത്വത്തില്‍ ശബരിമല സംരക്ഷണ കാല്‍നടയാത്ര ഇന്ന് പന്തളത്ത് നിന്ന് ആരംഭിക്കും
ശബരിമല: എന്‍ഡിഎ കാല്‍നടയാത്ര ഇന്ന് മുതല്‍, പന്തളത്ത് നിന്ന് ആരംഭിക്കുന്ന ലോങ്മാര്‍ച്ച് തിരുവന്തപുരത്ത് സമാപിക്കും

കൊച്ചി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) നേതൃത്വത്തില്‍ ശബരിമല സംരക്ഷണ കാല്‍നടയാത്ര ഇന്ന് പന്തളത്ത് നിന്ന് ആരംഭിക്കും.  പന്തളം കൊട്ടാരത്തിലെ അംഗങ്ങളെ കണ്ടശേഷമാണു യാത്ര തുടങ്ങുക.എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ പി.എസ്. ശ്രീധരന്‍പിള്ള നയിക്കുന്ന ലോങ് മാര്‍ച്ച് 15നു സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ സമാപിക്കും.

ഇന്ന് അടൂരില്‍ സമാപിക്കുന്ന കാല്‍നടയാത്ര നാളെ നൂറനാട് പടനിലം ക്ഷേത്രസന്നിധിയില്‍ ആരംഭിച്ച് കായംകുളം ടൗണില്‍ സമാപിക്കും. 12നു ചവറയില്‍ തുടങ്ങി കൊല്ലം ടൗണില്‍ സമാപിക്കും. 13നു കൊല്ലത്തു നിന്നാരംഭിച്ച് കൊട്ടിയത്തു സമാപിക്കും. 14ന് ആറ്റിങ്ങലില്‍ ആരംഭിച്ച് കഴക്കൂട്ടത്ത് സമാപിക്കും. 15ന് പട്ടത്തു തുടങ്ങി സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ സമാപിക്കും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്ന് എന്‍ഡിഎ നേതാക്കളെത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു.

അതേസമയം ശബരിമല യുവതി പ്രവേശത്തിനെതിരെ അനന്തപുരി ലോങ് മാര്‍ച്ച് നാളെ 9ന് ആരംഭിക്കും. പന്തളത്തു നിന്ന് തിരുവനന്തപുരത്തേക്കുളള ലോങ് മാര്‍ച്ച് സാധ്വി ബാലിക സരസ്വതി ഉദ്ഘാടനം ചെയ്യും. ശബരിമല സംരക്ഷണ സമിതി, രാജ്യാന്തര ഹിന്ദു പരിഷത്ത്, മാതൃസമിതികള്‍, ഗുരുസ്വാമിമാര്‍, അയ്യപ്പ വിശ്വാസികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. വട്ടപ്പാറ വരെ വാഹനത്തിലും അവിടെ നിന്നു കവടിയാര്‍ വരെ കാല്‍നടയായുമാണ് മാര്‍ച്ച്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com