ആക്‌സിഡന്റിന് ശേഷം കട തുറക്കാനായില്ല; ഹനാന്‍ ഓണ്‍ലൈന്‍ മീന്‍വില്‍പ്പനയിലേക്ക്

പഠനത്തിനിടെ ഉപജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ മീന്‍കച്ചവടം ഓണ്‍ലൈന്‍ വഴിയാക്കാന്‍ തയ്യാറെടുക്കുന്നു
ആക്‌സിഡന്റിന് ശേഷം കട തുറക്കാനായില്ല; ഹനാന്‍ ഓണ്‍ലൈന്‍ മീന്‍വില്‍പ്പനയിലേക്ക്

കൊച്ചി: പഠനത്തിനിടെ ഉപജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ മീന്‍കച്ചവടം ഓണ്‍ലൈന്‍ വഴിയാക്കാന്‍ തയ്യാറെടുക്കുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹനാന്‍ തമ്മനം മാര്‍ക്കറ്റില്‍ മുറി വാടകയ്ക്ക് എടുത്ത് മീന്‍ വില്‍പ്പന നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കടമുറി വാടകയ്‌ക്കെടുത്തു പണി നടന്നു വരുന്നതിനിടെ, അപ്രതീക്ഷിതമായി കട മുറി ഒഴിയാന്‍ ആവശ്യപ്പെട്ടു.തുടര്‍ന്നാണ് മീന്‍വില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഹനാന്‍ തീരുമാനിച്ചത്. ഇതിനു സാങ്കേതിക വിദഗ്ധരുമായി സംസാരിച്ചെന്നും വൈകാതെ ലോഞ്ച് ചെയ്യുമെന്നും ഹനാന്‍ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയതി നേരിട്ട വാഹനാപകടത്തെ തുടര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ഹനാന്‍ സുഹൃത്തുക്കളുടെയും ചില അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണ് തമ്മനത്ത് മീന്‍ കട ഇടുന്നതിന് തീരുമാനിച്ചത്. ഇതിനായി മുറി വാടകയ്‌ക്കെടുത്തു പണി നടക്കുന്നതിനിടെയാണ് കട ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടത്. വൃക്കരോഗിയും തുടര്‍ച്ചയായി ഡയാലിസിസ് ചികിത്സ ചെയ്തു വരുന്നതുമായ ഒരു സാധു മനുഷ്യനാണു തനിക്കു കടമുറി തന്നത്. അവരുടെ കുടുംബ പ്രശ്‌നങ്ങള്‍ എന്താണെന്നറിയില്ല. അദ്ദേഹമാകട്ടെ വീട്ടില്‍ പശുവിനെ വളര്‍ത്തി ഉപജീവനം കഴിയുന്ന ആളുമാണ്. അങ്ങനെ ഒരാള്‍ എന്നോട് ഒഴിഞ്ഞു തരാമോ, അഡ്വാന്‍സ് തുക തിരിച്ചു തരാം എന്നു പറഞ്ഞപ്പോള്‍ ഇല്ല എന്നു പറയാനായില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയ തുകയുടെ ഒരു ഭാഗം നല്‍കുകയും ചെയ്തതായി ഹനാന്‍ പറയുന്നു. 

ഒരു വാര്‍ത്തയിലൂടെയാണ് ഹനാന്‍ എന്ന 19 കാരിയെ കേരളം ശ്രദ്ധിക്കുന്നത്. ഒറ്റദിവസം കൊണ്ട് അതിജീവനത്തിന്റെ മുഖമായി മാറി അവള്‍. എന്നാല്‍ പിന്നീടുള്ള ദിവസങ്ങള്‍ ഹനാന് സമ്മാനിച്ചത് ദുഃഖം മാത്രമായിരുന്നു. തലയിലേറ്റിയവര്‍ തന്നെ അവളെ ചവിട്ടിയരച്ചു. അവള്‍ സാമൂഹിക മാധ്യമങ്ങളില്‍ ക്രൂരമായി വേട്ടയാടപ്പെട്ടു. എല്ലാ വിവാദങ്ങളും കെട്ടടങ്ങി ജീവിതത്തിലേക്ക് അവള്‍ മടങ്ങിവരുന്നതിന് ഇടയിലാണ് അപകടം വില്ലനായി എത്തിയത്. എന്നാല്‍ ഇതൊന്നും ഹനാന്‍ എന്ന പോരാളിയുടെ ആത്മവീര്യം കെടുത്താന്‍ പോന്നതായിരുന്നില്ല. പരുക്കേറ്റ് വീല്‍ചെയറില്‍ ഇരിക്കുമ്പോഴും മീന്‍ വില്‍പ്പനയുമായി മുന്നോട്ടുപോകാനാണ് ഹനാന്റെ തീരുമാനം. പുതിയ വെല്ലുവിളികള്‍ക്കിടയിലും ഓണ്‍ലൈനിന്റെ വില്‍പ്പന സാധ്യത പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാനാണ് ഹനാന്‍ ആഗ്രഹിക്കുന്നത്. 

സെപ്റ്റംബറില്‍ കൊടുങ്ങല്ലൂര്‍ വെച്ചാണ് ഹനാന്‍ അപകടത്തില്‍പ്പെടുന്നത്. ഗുരുതരമായി പരുക്കേറ്റ ഹനാന്‍ പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. എന്നാല്‍ പരുക്കേറ്റെന്ന് പറഞ്ഞ് പണിയെടുക്കാതെ ജീവിക്കാന്‍ ഹനാന് താല്‍പ്പര്യമില്ല. അതാണ് വീണ്ടും മീന്‍വില്പനയുമായി രംഗത്തുവരാന്‍ ഹനാനെ പ്രേരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com