കളമശ്ശേരിയിലും എടിഎം മോഷണശ്രമം; കവര്‍ച്ചാ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി

സംസ്ഥാനത്തെ ഞെട്ടിച്ച വന്‍ എടിഎം കവര്‍ച്ച നടത്തിയ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി.
കളമശ്ശേരിയിലും എടിഎം മോഷണശ്രമം; കവര്‍ച്ചാ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച വന്‍ എടിഎം കവര്‍ച്ച നടത്തിയ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. ചാലക്കുടി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തിയത്. കോട്ടയം കോടിമാതയില്‍ നിന്ന് മോഷ്ടിച്ചതാണ് വാഹനം എന്നാണ് വിവരം. 

അതിനിടെ, കൊച്ചി കളമശ്ശേരിയിലും എടിഎം കവര്‍ച്ചാശ്രമം നടന്നാതായി കണ്ടെത്തി. കളമശ്ശേരിയില്‍ എസ്ബിഐ എടിഎമ്മാണ് പൊളിക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയത്. എടിഎമ്മിലെ അലാം മുഴങ്ങിയതിനാല്‍ കവര്‍ച്ചക്കാര്‍ ശ്രമം ഉപേക്ഷിച്ച് കടന്നു. ഇരുമ്പനത്തും കൊരട്ടിയിലും കവര്‍ച്ച നടത്തിയ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

തൃശൂര്‍ കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തുമാണ് രണ്ട് എടിഎമ്മുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിരിക്കുന്നത്. രാത്രി 11 മണിക്കും പുലര്‍ച്ച അഞ്ചുമണിക്കും ഇടയിലാണ് രണ്ടിടത്തും മോഷണം നടന്നിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. മൊത്തം 35 ലക്ഷം രൂപയാണ് ഇരു എടിഎമ്മുകളില്‍ നിന്നായി മോഷണം പോയത്. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് 10 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇരുമ്പനത്തെ എസ്ബിഐയുടെ എടിഎം കൗണ്ടര്‍ കുത്തിത്തുറന്നാണ് 25 ലക്ഷം രൂപ മോഷ്ടിച്ചത്.

രാവിലെ പത്തുമണിയോടെയാണ് മോഷണം പുറംലോകം അറിഞ്ഞത്. രണ്ട് എടിഎമ്മിന്റെയും ഷട്ടര്‍ താഴ്ത്തിയ നിലയിലായിരുന്നു. മോഷണം പുറംലോകമറിയാന്‍ വൈകിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഷ്ടാക്കള്‍ ആസൂത്രിതമായി ഷട്ടറുകള്‍ താഴ്ത്തിയത് എന്ന് കരുതുന്നു. ഇരുമ്പനത്ത് മോഷണം നടത്തിയ ശേഷം മോഷ്ടാക്കള്‍ തൃശിലേക്ക് പോയതാകാനുളള സാധ്യതയും പൊലീസ് തളളിക്കളയുന്നില്ല. കൊരട്ടിയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മൂന്നുപേരാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇവരുടെ വസ്ത്രധാരണം ഉത്തരേന്ത്യക്കാരുടേതിന് സമാനമാണ്. ഇതില്‍നിന്നുമാണ് കൃത്യത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘമാണ് എന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com