'മല ചവിട്ടാൻ മടിച്ചു നിൽക്കുന്ന സ്ത്രീകളേ.. ഞാൻ മുൻ​ഗാമിയാകാം !'; ശബരിമലയ്ക്ക് പോകുമെന്ന് കശ്മീരി യുവതി, മുഖ്യമന്ത്രിക്ക് അഭിനന്ദനം

ശബരിമല വിഷയത്തിൽ ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു
'മല ചവിട്ടാൻ മടിച്ചു നിൽക്കുന്ന സ്ത്രീകളേ.. ഞാൻ മുൻ​ഗാമിയാകാം !'; ശബരിമലയ്ക്ക് പോകുമെന്ന് കശ്മീരി യുവതി, മുഖ്യമന്ത്രിക്ക് അഭിനന്ദനം

കൊച്ചി :  ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രകടനങ്ങളും പ്രതിഷേധങ്ങളും സംസ്ഥാനത്ത് വ്യാപകമാകുകയാണ്. അതിനിടെ ശബരിമലയിൽ പോകാൻ  തയാറാണെന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ സ്വദേശിനി രം​ഗത്ത്. കശ്മീർ സ്വദേശിനിയും ഡൽഹിയിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്യുന്ന ശിവാനി സ്പോലിയാണ് ശബരിമല സന്ദർശിക്കാനെത്തുന്നതായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 

സമൂഹത്തോടുള്ള ഭയം നിമിത്തം മല ചവിട്ടാൻ മടിച്ചു നിൽക്കുന്ന സ്ത്രീകൾക്ക് മുൻ​ഗാമിയാകാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ ശക്തമായ നിലപാടെടുത്ത സർക്കാരിനൊപ്പമാണ് ഞാനും. ശബരിമല വിഷയത്തിൽ ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. ആചാരങ്ങളുടെ പേരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കാൻ ഈ വിധി സഹായിക്കുമെന്നാണ് കരുതുന്നതെന്നും ശിവാനി എഫ്ബി പോസ്റ്റിൽ കുറിച്ചു.

പിസി ജോർജ്ജും ഹിന്ദു സംഘടനകളും സ്ത്രീകളെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ, ക്ഷേത്രത്തിലെത്തുന്ന എല്ലാ സ്ത്രീകൾക്കും സംരക്ഷണവും പിന്തുണയും നൽകണമെന്നും ശിവാനി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ  പരിഭാഷ

ബഹുമാനപ്പെട്ട പിണറായി വിജയൻ സർ,

‘ഞാൻ ശിവാനി സ്പോലിയ. ജമ്മു കാശ്മീർ ആണ് സ്വദേശം. മാധ്യമപ്രവർത്തകയായി ഡൽഹിയിൽ ജോലി നോക്കുന്നു. ശബരിമല ക്ഷേത്രത്തിലേക്ക് പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയ്ക്കൊപ്പം നിൽക്കുന്ന താങ്കൾ അഭിനന്ദനമർഹിക്കുന്നു. 

ആചാരങ്ങളുടെ പേരിൽ സ്ത്രീകൾ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങൾക്ക് അവസാനം വരുത്താനുള്ള ഒരു ശ്രമം അത്യാവശ്യമായിരുന്നു. സുപ്രീം കോടതി വിധിയെ തുടർന്ന് കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ നിന്നും അറിയുന്നുണ്ട്. ശബരിമല ക്ഷേത്രത്തിൽ പോകണമെന്ന് ഞാൻ തീരുമാനിക്കുന്നതും അങ്ങനെയാണ്. ഇതുവഴി ശബരിമല വിഷയത്തിൽ‌ സ്ത്രീകൾക്ക് എന്റെ പിന്തുണ അറിയിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. സമൂഹത്തോടുള്ള ഭയം നിമിത്തം മല ചവിട്ടാൻ മടിച്ചു നിൽക്കുന്ന സ്ത്രീകൾക്ക് മുൻ​ഗാമിയാകാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ ശക്തമായ നിലപാടെടുത്ത സർക്കാരിനൊപ്പമാണ് ഞാനും.

പി സി ജോർജ്ജ് എംഎൽഎയും ഏതാനും വർഘീയ സംഘടനകളും സുപ്രീം കോടതി വിധിയ്ക്കെതിരാണ് എന്ന് അറിയാൻ സാധിച്ചു. പി സി ജോർജ്ജിന്റെ മണ്ഡലമായ പൂഞ്ഞാറിലൂടെ ശബരിമലയിലേക്ക് സ്ത്രീകളെ കടത്തിവിടില്ല എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.  അതുകൊണ്ട് ശബരിമല കയറാൻ എത്തുമ്പോൾ എന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അങ്ങയോട് ഞാൻ‌ അഭ്യർത്ഥിക്കുന്നു. എനിക്ക് മാത്രമല്ല അവിടെ എത്താൻ ആ​ഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും പിന്തുണയും സംരക്ഷണവും ആവശ്യമാണ്.’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com