'എന്റെ കല്യാണം നടക്കുമോ?' ഇനി നടക്കാനാവുമോ എന്ന പേടിയില്‍ ആശുപത്രി കിടക്കയില്‍ കിടന്ന് ഡോക്റ്ററോട് ഹനാന്‍ ചോദിച്ചു

ഈ സമയവും കടന്നു പോകും എന്ന ഉറച്ച വിശ്വാസത്തിലാണ് പെണ്‍കുട്ടി
'എന്റെ കല്യാണം നടക്കുമോ?' ഇനി നടക്കാനാവുമോ എന്ന പേടിയില്‍ ആശുപത്രി കിടക്കയില്‍ കിടന്ന് ഡോക്റ്ററോട് ഹനാന്‍ ചോദിച്ചു

നാന്‍ ശരിക്കും ഒരു അത്ഭുതമാണ്. എത്ര ആഴത്തിലേക്ക് വീണുപോയാലും അവള്‍ തലഉയര്‍ത്തി എഴുന്നേറ്റുപോരും. ഇപ്പോ അപകടം പറ്റി വീല്‍ചെയറില്‍ ഇരിക്കുമ്പോഴും ഈ ആര്‍ജവത്തിന് ഒരു കുറവുമില്ല. മീന്‍ കച്ചവടവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് ഈ പെണ്‍കുട്ടി. അപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് നീണ്ടനാള്‍ ചികിത്സയിലായിരുന്നു ഹനാന്‍. ഇപ്പോഴും വീല്‍ ചെയറിലാണ്. എന്നാല്‍ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ സാധിക്കുന്നുണ്ട്. എങ്കിലും പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്. എന്നാല്‍ ഇതൊന്നും ഹനാന്റെ മനക്കരുത്തിനെ തകര്‍ത്തിട്ടില്ല. ഈ സമയവും കടന്നു പോകും എന്ന ഉറച്ച വിശ്വാസത്തിലാണ് പെണ്‍കുട്ടി. 

ഇപ്പോള്‍ ആശുപത്രിയില്‍ വെച്ചുണ്ടായ രസകരമായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ഹനാന്‍. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഡോ. ഹാരൂണിന്റെ ചികിത്സയിലായിരുന്നു ഹനാന്‍. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന ഹനാനോട് അനങ്ങരുതെന്നും എഴുന്നേല്‍ക്കരുതെന്നും ഡോക്റ്ററുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഓരോ ദിവസവും ബെഡില്‍ അനങ്ങാതെയുള്ള കിടത്തം ഹനാനെ ആശങ്കയിലാക്കി. 

ഓരോ ദിവസം കഴിയുന്തോറും ഇനി എഴുന്നേല്‍ക്കാന്‍ പറ്റാതെ ആകുമോ എന്ന് ഭയമായി. തനിക്ക് നടക്കാന്‍ പറ്റാതെ ആകുമോ എന്ന് ഡോക്റ്ററോടും കൂടെയുള്ളവരോടും ചോദിച്ചെങ്കിലും എന്തെങ്കിലും പറഞ്ഞ് ഒഴിയുകയാണ് അവര്‍ ചെയ്യുക. ഒരു ദിവസം നഴ്‌സ് പറഞ്ഞ് സ്റ്റിച്ച് എടുത്തു കഴിഞ്ഞ് നടക്കാമെന്ന്. സ്റ്റിച്ചെടുത്ത് കഴിഞ്ഞപ്പോള്‍ ഹനാന്‍ ഡോക്റ്ററോട് ചോദിച്ചു; 'എന്നാ ഡോക്റ്റര്‍ ഞാന്‍ എഴുന്നേറ്റോട്ടേ... സിസ്റ്റര്‍ പറഞ്ഞല്ലോ' ഇത് കേട്ട് ഡോക്റ്റര്‍ നഴ്‌സിനെ നോക്കി, നഴ്‌സാണെങ്കില്‍ പിന്നിലേക്ക് മാറി. 

ഉത്തരം ലഭിക്കാതായതോടെ അവസാനം ഹനാന്‍ ഡോക്റ്ററിനോട് ഒരു ചോദ്യമങ്ങ് ചോദിച്ചു; 'ഡോക്റ്റര്‍... എന്റെ കല്യാണം നടക്കുമോ?' എന്തായാലും ഈ ചോദ്യത്തില്‍ ഡോക്റ്റര്‍ വീണു. ഉടന്‍ എത്തി ഉത്തരം; 'നടക്കാം... കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍... കുറച്ചു നാള്‍ കൂടി റെസ്റ്റ് എടുക്കേണ്ടി വരും'. എന്തായാലും ഇതോടെ നീണ്ട നാളായുണ്ടായിരുന്ന ആ പേടി ഹനാന് മാറി. ഹനാന്റെ ചികിത്സ ചെലവ് സര്‍ക്കാരാണ് വഹിച്ചത്. അതുകൊണ്ട് വലിയ വിഷമമുണ്ടായില്ല എന്നാണ് ഹനാന്‍ പറയുന്നത്. 

എഴുന്നേല്‍ക്കാന്‍ സമയമെടുക്കും എന്ന പറഞ്ഞതോടെയാണ് ഒരു വീല്‍ ചെയര്‍ വാങ്ങിയത്. വീടുനുള്ളിലും വീല്‍ ചെയറാണ് ഉപയോഗിക്കുന്നത്. ഇപ്പോല്‍ സാവധാനം എഴുന്നേറ്റു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കുറച്ചുകൂടി നടക്കാനാവും എന്നാണ് ഡോക്റ്റര്‍ പറഞ്ഞത്. മീന്‍ കച്ചവടത്തിലേക്ക് തിരിച്ചുവരാന്‍ തന്നെയാണ് ഹനാന്റെ തീരുമാനം. കടയെടുത്ത് തമ്മനത്ത് മീന്‍ കച്ചവടം നടത്താനായിരുന്നു പദ്ധതി. അത് നടക്കാതെ വന്നതോടെ ഓണ്‍ലൈനിലൂടെ കച്ചവടം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com