പിന്നില്‍ രണ്ട് ചക്രങ്ങള്‍ ഇല്ല, ഉളളവ ബോള്‍ട്ടുകള്‍ ഇളകിയനിലയില്‍; കെഎസ്ആര്‍ടിസിയുടെ അപകടയാത്ര 29 കിലോമീറ്റര്‍

പിന്‍വശത്തെ 4 ചക്രങ്ങളില്‍ 2 എണ്ണം ഇല്ലാതെയും ഉണ്ടായിരുന്നവയുടെ ബോള്‍ട്ടുകള്‍ ഇളകിയ നിലയിലും കെഎസ്ആര്‍ടിസി ബസ് സഞ്ചരിച്ചത് 29 കിലോമീറ്റര്‍
പിന്നില്‍ രണ്ട് ചക്രങ്ങള്‍ ഇല്ല, ഉളളവ ബോള്‍ട്ടുകള്‍ ഇളകിയനിലയില്‍; കെഎസ്ആര്‍ടിസിയുടെ അപകടയാത്ര 29 കിലോമീറ്റര്‍

ആലപ്പുഴ: പിന്‍വശത്തെ 4 ചക്രങ്ങളില്‍ 2 എണ്ണം ഇല്ലാതെയും ഉണ്ടായിരുന്നവയുടെ ബോള്‍ട്ടുകള്‍ ഇളകിയ നിലയിലും കെഎസ്ആര്‍ടിസി ബസ് സഞ്ചരിച്ചത് 29 കിലോമീറ്റര്‍. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. ചേര്‍ത്തല ഡിപ്പോയിലെ ഡ്രൈവര്‍ പി.എസ്.ബൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

കഴിഞ്ഞദിവസം ചേര്‍ത്തലയില്‍ നിന്ന് വൈറ്റില ഹബിലേക്ക് 38 യാത്രക്കാരുമായി പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് വീഴ്ച സംഭവിച്ചത്. പുലര്‍ച്ചെ ബസുമായി പുറപ്പെടും മുന്‍പ് ടയറുകള്‍ പരിശോധിക്കാത്തതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതെന്ന് ചേര്‍ത്തല എടിഒ സി.കെ.രത്‌നാകരന്‍ പറഞ്ഞു.

ബസിന്റെ പിന്നിലെ ഇരുവശത്തെയും ഓരോ ചക്രം ഇല്ലായിരുന്നു. ഉണ്ടായിരുന്നവയുടെ ബോള്‍ട്ടുകള്‍ മുറുക്കിയിരുന്നുമില്ല. മുന്നിലെ ചക്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇവയുടെയും ബോള്‍ട്ടുകളും മുറുക്കിയിരുന്നില്ല. മറ്റു യാത്രക്കാര്‍ കണ്ട് ബസ് തടയുമ്പോഴേക്കും ഇതില്‍ 4 ബോള്‍ട്ടുകള്‍ ഊരിത്തെറിച്ചിരുന്നതായും കണ്ടെത്തി. ബസ് നെട്ടൂര്‍ ഐഎന്‍ടിയുസി ജംക്ഷനില്‍ നിര്‍ത്തിയപ്പോള്‍ സ്‌റ്റോപ്പിലുണ്ടായിരുന്നവരാണ് ചക്രങ്ങള്‍ ഇല്ലാത്ത വിവരം കണ്ടെത്തിയത്. യാത്രക്കാരുടെ ജീവനു ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ ബസ് ഓടിച്ചതിന് ഡ്രൈവറെ പ്രതിയാക്കി കേസ് റജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് എറണാകുളം ഡിപ്പോയില്‍ നിന്നു രണ്ട് ടയറുകള്‍ എത്തിച്ച് ഇവ ഘടിപ്പിച്ച ശേഷം ബസ് കൊണ്ടുപോയി. തകരാറുകളെ തുടര്‍ന്ന് ഗ്യാരേജിലേക്ക് മാറ്റിയ ബസിനു പകരം മറ്റു ബസുമായി സര്‍വീസിനു പോകാതെ ഡ്രൈവര്‍ കാണിച്ചത് അശ്രദ്ധയാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. സര്‍വീസ് ആരംഭിക്കും മുന്‍പു വാഹനത്തിന്റെ ഉപയോഗക്ഷമത പരിശോധിക്കേണ്ട ഉത്തരവാദിത്തം ഡ്രൈവര്‍ക്കാണെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com