ശബരിമല ദർശനത്തിന് ഇനി ഡിജിറ്റൽ ബുക്കിങ്ങും; തിരുപ്പതി മാതൃകയിൽ പുതിയ പരിഷ്കാരങ്ങൾ  

മണ്ഡലകാലത്തു ദിവസം 80,000 പേർക്കു ദർശന സൗകര്യം ഒരുക്കാനാണു ഡിജിറ്റൽ ബുക്കിങ് ഏർപ്പെടുത്തുന്നത്. നിലയ്ക്കലിൽ പാർക്കിങ്ങിനും ഓൺലൈൻ ബുക്കിങ്ങിനും സൗകര്യം ഏർപ്പെടുത്തും
ശബരിമല ദർശനത്തിന് ഇനി ഡിജിറ്റൽ ബുക്കിങ്ങും; തിരുപ്പതി മാതൃകയിൽ പുതിയ പരിഷ്കാരങ്ങൾ  

തിരുവനന്തപുരം: തിരക്കു നിയന്ത്രിക്കാൻ ശബരിമലയിൽ ഡിജിറ്റൽ ബുക്കിങ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ നടപടി ആരംഭിച്ചു. മണ്ഡലകാലത്തു ദിവസം 80,000 പേർക്കു ദർശന സൗകര്യം ഒരുക്കാനാണു ഡിജിറ്റൽ ബുക്കിങ് ഏർപ്പെടുത്തുന്നത്. തിരുപ്പതിയിൽ വർഷങ്ങളായി നിലവിലുള്ള ഈ സംവിധാനം ശബരിമലയിലും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് ശബരിമല പുനർനിർമാണത്തിന്റെ സ്പെഷൽ ഓഫിസർ ജി. കമലവർധന റാവു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എഡിജിപി എസ്. ആനന്ദകൃഷ്ണൻ എന്നിവരടങ്ങിയ സംഘം തിരുപ്പതിയിലെത്തി ദേവസ്ഥാനം അധികൃതരുമായി ചർച്ച നടത്തി. 

നിലയ്ക്കലിൽ പാർക്കിങ്ങിനും ഓൺലൈൻ ബുക്കിങ്ങിനും സൗകര്യം ഏർപ്പെടുത്തും. പാർക്കിങ് നേരത്തെ ബുക്ക് ചെയ്യുന്നതിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. വരുന്ന മണ്ഡലകാലത്തു തന്നെ പരിഷ്കാരങ്ങൾ നടപ്പാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.

പ്രതിദിനം ഒരു ലക്ഷത്തോളം പേർ ദർശനത്തിനെത്തുന്ന തിരുപ്പതിയിൽ ബുക്കിങ് വേളയിൽ തന്നെ ദർശന സമയം അറിയാനാകും. വഴിപാടുകൾക്ക് ഇ–ഹുണ്ടിക സൗകര്യവും ലഭ്യമാണ്. വെബ്സൈറ്റ്, പോസ്റ്റ് ഓഫിസുകൾ, തിരുപ്പതിയിലെ പ്രത്യേക കൗണ്ടറുകൾ തുടങ്ങിയ സേവനങ്ങളുപയോ​ഗിച്ച് ദർശനം ബുക്ക് ചെയ്യാനാകും. ഈ മാതൃകയാണു കേരളവും പരിഗണിക്കുന്നത്. ഇ–ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള അവിടത്തെ ശുചിത്വസംവിധാനങ്ങളും പകർത്താൻ ലക്ഷ്യമിടുന്നുണ്ട്. ശബരിമലയിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് ഉന്നതതലസംഘം തയാറാക്കുന്ന റിപ്പോർട്ട് ഉട‍ൻ സർക്കാരിനും ദേവസ്വം ബോർഡിനും കൈമാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com