കേരളത്തിന്റെ വളര്‍ച്ചയില്‍ ബിജെപിയുടെ പങ്ക് പൂജ്യം ;  വിദേശത്ത് പോയത് യാചിക്കാനല്ലെന്ന് മുഖ്യമന്ത്രി

യുഎഇ സന്ദര്‍ശനം വന്‍ വിജയമായിരുന്നു. വാഗ്ദാനം നല്‍കിയതിനേക്കാള്‍ കൂടുതല്‍ സഹായം ലഭിക്കും
കേരളത്തിന്റെ വളര്‍ച്ചയില്‍ ബിജെപിയുടെ പങ്ക് പൂജ്യം ;  വിദേശത്ത് പോയത് യാചിക്കാനല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ ബിജെപി ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ തകര്‍ക്കുന്ന സമീപനമാണ് എല്ലാക്കാലത്തും ബിജെപി സ്വീകരിച്ചിരുന്നത്. പ്രളയദുരിതം പറഞ്ഞ് രാജ്യങ്ങളില്‍ പോയി മന്ത്രിമാര്‍ യാചിക്കേണ്ടെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നവകേരള നിര്‍മ്മാണ ധനസമാഹാരണത്തിനായി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെയും പിണറായി വിജയന്‍ വിമര്‍ശിച്ചു. 

കേന്ദ്രത്തിന്റെത് സംസ്ഥാനത്തിനെതിരായ നീക്കമാണ്. കേരളത്തോട് കേന്ദ്രത്തിന് പ്രത്യേക നിലപാടാണ്. കേന്ദ്രനിലപാടിനെതിരെ ജനാധിപത്യ വിശ്വാസികൾ രം​ഗത്തുവരണം. ആദ്യം സന്ദര്‍ശിച്ചപ്പോള്‍ വളരെ സൗഹൃദനിലപാടാണ് മോദി സ്വീകരിച്ചത്. ഗുജറാത്തില്‍ ദുരന്തം ഉണ്ടായപ്പോള്‍ വിദേശ സഹായം ലഭിച്ചതിന്റെ കാര്യങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി വേണ്ടത്. തനിക്ക് അനുമതിയും കിട്ടി. ഇതുപോലെ മന്ത്രിമാരുടെ സന്ദര്‍ശനത്തിനും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതാണ് താന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് മന്ത്രിമാര്‍ക്ക് സന്ദര്‍ശനാനുമതി ഇല്ലെന്ന് ചീഫ് സെക്രട്ടറിക്ക് അറിയിപ്പ് ലഭിക്കുന്നത്. മന്ത്രിമാര്‍ക്ക് യാത്രാനുമതി നിഷേധിച്ചത് എന്തടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു. 

വിദേശത്ത് പോയത് യാചിക്കാനല്ല. അന്യനാട്ടിലുള്ള സഹോദരങ്ങളെ കണ്ട് നമ്മുടെ നാടിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായം തേടിയാണ് പോയത്.
കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിച്ചില്ലായിരുന്നെങ്കില്‍ വന്‍തുകയാണ് നമുക്ക് ലഭിക്കുമായിരുന്നത്. മുട്ടാപ്പോക്ക് നിലപാട് സ്വീകരിക്കേണ്ട സംവിധാനമല്ല കേന്ദ്രമെന്നും പിണറായി വിമര്‍ശിച്ചു. 

യുഎഇ സന്ദര്‍ശനം വന്‍ വിജയമായിരുന്നു. വാഗ്ദാനം നല്‍കിയതിനേക്കാള്‍ കൂടുതല്‍  സഹായം ലഭിക്കും. വ്യവസായ പ്രമുഖരായ യൂസഫലി, ആസാദ് മൂപ്പന്‍ ഡോ. ഷംഷീര്‍ വലയില്‍ എന്നിവരുടെ ഇടപെടലുകളെയും മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. കേരളം നമുക്ക് പുനർ നിർമ്മിച്ചേ മതിയാകൂ. ഇതിന് എല്ലാവരുടെയും പിന്തുണയും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com