കൈയേറ്റം ഒഴിപ്പിക്കല്‍ : വനം വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി, സിപിഎം എംഎല്‍എക്കെതിരെ കേസെടുത്തു

കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെ എംഎല്‍എ ഭീഷണിപ്പെടുത്തിയത്
കൈയേറ്റം ഒഴിപ്പിക്കല്‍ : വനം വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി, സിപിഎം എംഎല്‍എക്കെതിരെ കേസെടുത്തു

പാലക്കാട്: കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് സിപിഎം എംഎല്‍എക്കെതിരെ കേസെടുത്തു. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കോങ്ങാട് എംഎല്‍എ കെ വി വിജയദാസിനെതിരെ മണ്ണാര്‍ക്കാട് പൊലീസാണ് കേസ്സെടുത്തത്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെ എംഎല്‍എ ഭീഷണിപ്പെടുത്തിയത്. 

കോങ്ങാട് മണ്ഡലത്തിലെ ഓടക്കുന്നില്‍ വനഭൂമി കയ്യേറിയെന്ന പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനോടാണ് എം എല്‍എ കയര്‍ത്തത്. ഓടക്കുന്നിലെ പൂഞ്ചോല ഭാഗത്ത് വനഭൂമി കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയായി. തുടര്‍നടപടികള്‍ക്കായി തയ്യാറെടുക്കുമ്പോഴായിരുന്നു ഭീഷണി. 

അവധിക്ക് നാട്ടിലേക്ക് പോയ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. പരിശോധന നടത്തിയ സ്ഥലത്തേക്ക് ഇനി പോകരുതെന്നും, പോയാല്‍ മണ്ണാര്‍ക്കാട്ടെ ചില പൊലീസുകാരെ നേരത്തെ കൈകാര്യം ചെയ്ത പോലെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. 

അതേസമയം സംഭവം കോങ്ങാട് എംഎല്‍എ നിഷേധിച്ചു. പൂഞ്ചോലയില്‍ കയ്യേറ്റമില്ലെന്നും കൈവശാവകാശ രേഖയുളള കര്‍ഷകരാണെന്നും കെ വി വിജയദാസ് പറഞ്ഞു. കൈയ്യേറ്റമൊഴിപ്പിക്കാന്‍ ചെന്ന ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും എംഎല്‍എ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com