പദ്മകുമാര്‍ ശ്രീധരന്‍പിള്ളയെ കണ്ടു ? ; ബിജെപി പാളയത്തിലേക്കെന്ന് സൂചന, സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ട്

അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെ പദ്മകുമാറിന് ബിജെപി  അംഗത്വം നല്‍കുന്ന കാര്യം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്
പദ്മകുമാര്‍ ശ്രീധരന്‍പിള്ളയെ കണ്ടു ? ; ബിജെപി പാളയത്തിലേക്കെന്ന് സൂചന, സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ട്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം നേതൃത്വവുമായും ഇടഞ്ഞു നില്‍ക്കുന്ന എ പദ്മകുമാര്‍ ബിജെപി പാളയത്തിലേക്കെന്ന് സൂചന. ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുമായി പദ്മകുമാര്‍ രഹസ്യ ചര്‍ച്ച നടത്തിയതായാണ് വിവരം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെ പദ്മകുമാറിന് ബിജെപി  അംഗത്വം നല്‍കുന്ന കാര്യം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

സിപിഎമ്മിനെയും പിണറായി വിജയനെയും പരസ്യമായി തള്ളിപ്പറയണമെന്ന് ശ്രീധരന്‍പിള്ള പദ്മകുമാറിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പദ്മകുമാര്‍ ഇതിനോട് വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായില്ലെന്നും സൂചനയുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍, യുവമോര്‍ച്ച നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പദ്മകുമാര്‍, താന്‍ ഇരുന്ന് ഉരുകുകയാണെന്ന് കമന്റിടുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിക്കകത്തും ദേവസ്വം ബോര്‍ഡിലും പ്രതിഷേധമുയര്‍ന്നതോടെ ഇത് ഡിലീറ്റ് ചെയ്തു. പിന്നാലെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും പദ്മകുമാര്‍ ഡീ ആക്ടിവേറ്റ് ചെയ്തു. കൂടാതെ ശബരിമല വിഷയത്തില്‍ സിപിഎം പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കോന്നി മുന്‍ എംഎല്‍എയും, ജില്ലാ സെക്രട്ടേറിയറ്റ് മെംബറുമായ പദ്മകുമാര്‍ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അസാന്നിധ്യം മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു. 

എന്നാല്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അടക്കമുള്ള ഒരു കാര്യത്തിലും പ്രതികരിക്കാതെ പദ്മകുമാര്‍ മൗനം തുടരുകയാണ്. ഇതിനിടെ താന്‍ അയ്യപ്പ ഭക്തനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന പദ്മകുമാറിന്റെ പ്രസംഗത്തിന്റെ ഓഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കടുത്ത അയ്യപ്പ ഭക്തരായ കുടുംബത്തിന്റെ സമ്മര്‍ദ്ദവും പദ്മകുമാറിനെ പ്രതിസന്ധിയിലാക്കുന്നു. 

സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരുന്ന പദ്മകുമാറിനെ പിണറായി വിജയന്റെ താല്‍പ്പര്യപ്രകാരമാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ചത്. എന്നാല്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയില്‍ പദ്മകുമാറിന് വിയോജിപ്പുണ്ടായിരുന്നു. ഇതോടെ പിണറായി വിജയന്റെ ഗുഡ് ബുക്കില്‍ നിന്നും പദ്മകുമാര്‍ പുറത്തായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പുറത്തുവന്ന് മാധ്യമങ്ങളോട് ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുമെന്ന് പറഞ്ഞത് പിണറായിയെ ചൊടിപ്പിച്ചു. 

ഇത് സര്‍ക്കാരിന്റെ അനുവാദപ്രകാരമാണെന്ന് ധരിക്കപ്പെടും എന്നതായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഈ സംഭവത്തില്‍ പിണറായി പദ്മകുമാറിനെ വിളിച്ച് ശാസിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.  ദേവസ്വം ബോര്‍ഡിലെ സിപിഐ പ്രതിനിധി കെപി ശങ്കരദാസ് സര്‍ക്കാര്‍ നിലപാടിനോട് യോജിച്ച് പോകുമ്പോള്‍, പലപ്പോഴും വിശ്വാസികളുടെ പക്ഷത്തോട് ചേര്‍ന്ന നിലപാടാണ് പദ്മകുമാര്‍ പ്രകടിപ്പിച്ചിരുന്നത്. 

പ്രയാര്‍ ഗോപാലകൃഷ്ണന്റെ പിന്‍ഗാമിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പദ്മകുമാറിന്, പ്രസിഡന്റ് പദവിയില്‍ ഇനി ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കടുത്ത അതൃപ്തി ഉള്ളതിനാല്‍ അദ്ദേഹത്തെ നിലവിലെ പ്രശ്‌നങ്ങള്‍ തണുക്കുന്നതോടെ മാറ്റിയേക്കുമെന്നും വാര്‍ത്തകളുണ്ട്. നിലവില്‍ സിപിഎം പ്രതിനിധി കെ രാഘവന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലേക്ക് അംഗത്തെ നിയമിക്കേണ്ടതുണ്ട്. 

അതേസമയം പദ്മകുമാറിനെ തങ്ങളുടെ പക്ഷത്തെത്തിച്ചാല്‍ ശബരിമല വിഷയത്തില്‍ രാഷ്ട്രീയമായി നേട്ടം കൊയ്യാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ വിഷയം കത്തിച്ചാല്‍ ഹിന്ദു ഏകീകരണം സാധ്യമാകുകയും, അതുവഴി മികച്ച നേട്ടം കൈവരിക്കാനാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിത്വം അടക്കം മികച്ച വാഗ്ദാനങ്ങള്‍ പദ്മകുമാറിന് മുന്നില്‍ ബിജെപി വെച്ചു നീട്ടിയേക്കുമെന്നുമാണ് വാര്‍ത്തകള്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com